സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാജ്യത്തിന് വേണ്ടി ജീവന്‍ ത്യാഗം നല്‍കിയ നേതാവിനെയാണ് രാഹുല്‍ ഗാന്ധി അപമാനിച്ചതെന്ന് ബി.ജെ.പി
national news
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം; രാജ്യത്തിന് വേണ്ടി ജീവന്‍ ത്യാഗം നല്‍കിയ നേതാവിനെയാണ് രാഹുല്‍ ഗാന്ധി അപമാനിച്ചതെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th October 2022, 3:42 pm

മുംബൈ: സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്റ്റൈപെന്‍ഡ് വാങ്ങിയെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്ററുകള്‍ കീറി പ്രതിഷേധിച്ച് ബി.ജെ.പി. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യാഗം നല്‍കിയ നേതാവിനെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്നാണ് ബി.ജെ.പിയുടെ ആരോപണം.

ബി.ജെ.പി നേതാവ് റാം കദമിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. അപകീര്‍ത്തികരമായ പരാമര്‍ശമാണ് രാഹുല്‍ ഗാന്ധി നടത്തിയതെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

‘രാഹുല്‍ ഗാന്ധി അപകീര്‍ത്തികരമായ പരാമര്‍ശമാണ് നടത്തിയത്. ഇത്തരം പരാമര്‍ശങ്ങള്‍ അപലപനീയവും ഭയാനകവുമാണ്. സംഭവത്തില്‍ എത്രയും പെട്ടെന്ന് രാഹുല്‍ ഗാന്ധി മാപ്പ് പറയണം. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത് ഇത്തരം പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി നിരന്തരം നടത്തുന്നുണ്ട്. ഇത് അനുവദിക്കാന്‍ സാധിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെയും റാം കദം വിമര്‍ശിച്ചു.

‘ഉദ്ധവ് താക്കറെ എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നില്ല എന്ന് മനസിലാകുന്നില്ല. അദ്ദേഹം ഹിന്ദുത്വവും ബാലാസാഹെബ് താക്കറെയുടെ മൂല്യങ്ങളും വിട്ട് പോയിക്കാണും,’ റാം കദം പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി സവര്‍ക്കറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത്.

ബി.ജെ.പിക്കും ആര്‍.എസ്.എസിനും സ്വാതന്ത്ര്യസമരത്തില്‍ യാതൊരു പങ്കുമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
സത്യങ്ങള്‍ ബി.ജെ.പിക്ക് മൂടിവെക്കാനാവില്ല. കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്. ആര്‍.എസ്.എസും സവര്‍ക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്റ്റൈപന്റ് വാങ്ങിയ ആളാണ്. സ്വതന്ത്ര്യസമര കാലത്ത് എവിടെയും ബി.ജെ.പിയുടെ മുന്‍ഗാമികള്‍ ഉണ്ടായിരുന്നേയില്ലെന്നും രാഹുല്‍ പറഞ്ഞു.

ദേശവിരുദ്ധ നടപടിയിലൂടെ രാജ്യത്ത് വിദ്വേഷവും അക്രമവും വളര്‍ത്തുകയാണ് ബി.ജെ.പി. അവരുടെ ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനങ്ങള്‍ മടുത്തുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഈ പ്രസ്താവനകളാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റേയും രാജ്യത്തിന്റേയും ചരിത്രം രാഹുല്‍ ഗാന്ധിക്ക് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: BJP started protest agaisnt rahul gandhi over his remarks against vd savarkkar