ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ വിദ്വേഷ പ്രചരണവുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി നേതൃത്വത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഒരു അനിമേഷന്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് വിദ്വേഷ പ്രചരണം.
കോണ്‍ഗ്രസ് രാജ്യത്തെ സാധാരണക്കാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് മുസ്‌ലിങ്ങൾക്ക് വീതിച്ചുകൊടുക്കുമെന്ന മോദി അടക്കമുള്ള നേതാക്കള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കുന്ന പ്രസ്താവനയ്ക്ക് സമാനമായ വീഡിയോയാണ് ബി.ജെ.പി ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ‘സൂക്ഷിക്കണം’ എന്ന് മൂന്ന് തവണ ആവര്‍ത്തിച്ച് എഴുതികൊണ്ടുള്ള കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും കാണാം. ഒരുവശത്ത് എസ്.സി, എസ്.ടി, ഒ.ബി.സി എന്നിങ്ങനെയെഴുതിയ മുട്ടകള്‍ ഒരു കുട്ടയിലിരിക്കുന്നതായും കാണാം.
പിന്നാലെ കുട്ടയിലേക്ക് രാഹുല്‍ ഗാന്ധി മുസ്‌ലിം എന്നെഴുതിയ ഒരു മുട്ട കൊണ്ടുവെക്കുന്നു. തുടര്‍ന്ന് മുട്ട വിരിയുകയും മുസ്‌ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ വലിയ കോഴികുഞ്ഞിന് മാത്രം രാഹുല്‍ ഭക്ഷണം കൊടുക്കുകയും ചെയുന്നു. ഭക്ഷണത്തിന്റെ കിറ്റില്‍ ‘ഫണ്ട്’ എന്നാണ് എഴുതിയിരിക്കുന്നത്. ശേഷം മറ്റു കോഴിക്കുഞ്ഞുങ്ങളെ വലിയ കോഴിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് കുട്ടയില്‍ നിന്ന് പുറത്താക്കുന്നു. ഇതിനുപിന്നാലെ എല്ലാവരും ആര്‍ത്തു ചിരിക്കുന്നു.
ഈ രീതിയിലാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രി അമിത് ഷായും ഉയര്‍ത്തുന്ന വിദ്വേഷ പരാമര്‍ശങ്ങളെ സമാന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്ന ബി.ജെ.പി വീഡിയോയ്ക്ക് എതിരെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
എക്സിലെ ഈ വീഡിയോ നാല് ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രചരിപ്പിക്കുന്ന വീഡിയോയുടെ നിയമലംഘനം ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കമന്റുകളില്‍ ടാഗ് ചെയ്യുന്നുമുണ്ട്.
നടന്‍ പ്രകാശ് രാജ് ബി.ജെ.പി പോസ്റ്റ് നാണക്കേട് ഉണ്ടാക്കുന്നുവെന്നും ഇത്തരത്തില്‍ വിദ്വേഷം വിളമ്പുന്ന കര്‍ണാടക ബി.ജെ.പിയെ കൃത്യമായ പാഠം പഠിപ്പിക്കുമെന്നും പ്രതികരിച്ചു. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നും രാജി വെക്കണമെന്നും ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നതില്‍ അതിശയിക്കാന്‍ ഒന്നുമില്ലെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് അക്കാദമിക് പ്രൊഫസര്‍ നിതാഷ കൗള്‍ ചൂണ്ടിക്കാട്ടി. ജര്‍മനിയിലെ നാസി പാര്‍ട്ടി പ്രചരിപ്പിച്ചിരുന്ന ഒരു വീഡിയോയെ കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈറും കോണ്‍ഗ്രസ്, ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ നേതാക്കളും ഇതിനെതിരെ രംഗത്തെത്തി.
Content Highlight: BJP started hate campaign against Congress in Karnataka