| Sunday, 4th June 2023, 10:39 am

മണിപ്പൂരില്‍ പള്ളി തകര്‍ത്തത് സംഘപരിവാര്‍; കലാപം ബി.ജെ.പി സ്‌പോണ്‍സേര്ഡ്: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂര്‍ കലാപത്തില്‍ കുക്കികളുടെ പള്ളികള്‍ക്ക് പുറമെ മെയ്തി വിഭാഗം ക്രൈസ്തവരുടെയും 247 പള്ളികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. മെയ് മൂന്നിന് കലാപം തുടങ്ങി 36 മണിക്കൂറിനകമാണ് ഇത്രയും പള്ളികള്‍ തകര്‍ക്കപ്പെട്ടതെന്നും കലാപത്തിന് പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തിച്ചതിന്റെ തെളിവാണിതെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആന്റോ അക്കരയെ ഉദ്ധരിച്ച് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

ഒഡിഷയിലെ കാന്ദമാലില്‍ 2008ല്‍ നടപ്പാക്കിയതിന് സമാനമായ രീതിയാണ് മണിപ്പൂരിലും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തകര്‍ക്കപ്പെട്ട പള്ളികളുടെ ചുമതലക്കാരില്‍ നിന്നും ഇനി മടങ്ങിവരില്ലെന്ന് എഴുതിവാങ്ങിയെന്നും സംഭവം പുറത്തുവരുന്നത് തടയാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

മെയ്തി വിഭാഗം ക്രൈസ്തവരില്‍ ആരെയും ശാരീരികമായി ആക്രമിച്ചിട്ടില്ല. പള്ളി തകര്‍ക്കലിനെതിരെ ചിലര്‍ പൊലീസില്‍ നല്‍കിയ പരാതികള്‍ സ്വീകരിച്ചിട്ടുമില്ല. പരാതിക്കാരെ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ക്രൈസ്തവ സഭകളുടെ പങ്കാളിത്തത്തോടെയാണ് മണിപ്പൂരില്‍ കലാപമെന്ന് ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നുവെന്നും ആന്റോ അക്കര പറയുന്നു.

മലമുകളിലെ കുക്കി വിഭാഗം പൊതുവെ ക്രൈസ്തവരാണ്. വംശീയ സംഘര്‍ഷത്തിനിടെ കുക്കി വിഭാഗക്കാരുടെ മാത്രം പള്ളികളാണ് തകര്‍ക്കപ്പെട്ടതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ് എന്നാണ് പുറത്തുവരുന്ന വിവരം. മണിപ്പൂരിലെ മൊത്തം 38 ലക്ഷം ജനസംഖ്യയില്‍ 53 ശതമാനം വരുന്ന മെയ്തികളിലും, രണ്ട് ലക്ഷത്തോളം ക്രൈസ്തവരുണ്ട്.

മെയ്തികള്‍ മിക്കവരും ഇംഫാല്‍ താഴ്‌വരയിലാണ് പാര്‍ക്കുന്നത്. ബി.ജെ.പി ആശീര്‍വാദത്തോടെ അരംബയ് ടെംഗോല്‍, മെയ്തി ലീപുന്‍ എന്നീ രണ്ട് ഹിന്ദുത്വ സംഘടനകള്‍ മെയ്തികള്‍ക്കിടയില്‍ അടുത്തകാലത്തോടെ പ്രവര്‍ത്തനം ശക്തമാക്കി.

ബി.ജെ.പിയുടെ രാജ്യസഭാംഗവും മുന്‍ രാജാവുമായ ലെയ്‌ഷെംബാ സനജോബയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അരംബയ് ആണ് കൂടുതല്‍ സംഘടിതമായ പ്രസ്ഥാനം. കറുത്ത വസ്ത്രങ്ങളാണ് ഇക്കൂട്ടരുടെ യൂണിഫോം.

രണ്ടായിരത്തോളം പേര്‍ ഈ സംഘടനയില്‍ സജീവമാണ്. കലാപത്തിന്റെ തുടക്കത്തില്‍ ഇംഫാലിലെ പൊലീസ് ആയുധശാലകളില്‍ നിന്ന് നൂറുകണക്കിന് തോക്കുകള്‍ കൊള്ളയടിച്ചത് ആരാണെന്ന ചോദ്യത്തിനും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല.

Content Highlights: bjp sponsored riots in manipur, rss destroyed churchs

We use cookies to give you the best possible experience. Learn more