| Thursday, 22nd December 2016, 3:43 pm

ബി.ജെ.പിക്ക് ആംആദ്മി പാര്‍ട്ടിയെ പേടിയോ; ആംആദ്മി നേതാക്കള്‍ അതിഥികളായുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പി വക്താക്കള്‍ക്ക് നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്


പ്രമുഖ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.  


ന്യൂദല്‍ഹി: ആംആദ്മി പാര്‍ട്ടി നേതാക്കള്‍ അതിഥികളായുള്ള ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ബി.ജെ.പി വക്താക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം.

പ്രമുഖ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച ഭരണപക്ഷമായ ബി.ജെ.പി എന്തിനെയാണ് ഭയക്കുന്നതെന്നും രാജ്ദീപ് സര്‍ദേശായി ട്വിറ്ററില്‍ ചോദിച്ചു. എന്നാല്‍ ഏതെങ്കിലും പ്രത്യേക വിഷയത്തിലെ ചര്‍ച്ചയ്ക്ക് മാത്രമാണോ ഈ നിര്‍ദേശമെന്നത് വ്യക്തമല്ല.

നോട്ട് നിരോധന വിഷയത്തിലുള്ള ഒരു ഹിന്ദി ചാനലിന്റെ ചര്‍ച്ചയില്‍ ആംആദ്മി പാര്‍ട്ടി നേതാവിനൊപ്പം പങ്കെടുക്കാന്‍ ബി.ജെ.പി വിസമ്മതിച്ചതായി ആംആദ്മി പാര്‍ട്ടി വക്താവ് വികാസ് യോഗി ട്വീറ്റ് ചെയ്തിരുന്നു.

കൂടാതെ ആം ആദ്മി നേതാക്കളെ നോട്ട് നിരോധന വിഷയത്തിലുള്ള ചര്‍ച്ചകള്‍ക്ക് ക്ഷണിക്കരുതെന്ന് ബി.ജെ.പിയുടെ മീഡിയ കോര്‍ഡിനേറ്റര്‍ ശ്രീകാന്ത് വര്‍മ്മ വിവിധ ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആംആദ്മി പാര്‍ട്ടി നേതാവ് അശുതോഷും ട്വീറ്റ് ചെയ്തു. ഒരു ചാനലിന്റെ എഡിറ്ററാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അശുതോഷ് പറഞ്ഞു.


ആവിഷ്‌കാര സ്വാതന്ത്ര്യം അപകടകരമാകരുത്; മഹാരാജാസ് പ്രിന്‍സിപ്പലിനെ പിന്തുണച്ച് വിദ്യാഭ്യാസ മന്ത്രി


നോട്ട് നിരോധനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അഴിമതി ആരോപണങ്ങളുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.


നോട്ട് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മോദി പാര്‍ലമെന്റില്‍ സംസാരിക്കാത്തതും പ്രതിപക്ഷ വിമര്‍ശനത്തിന് കാരണമായിരുന്നു.

We use cookies to give you the best possible experience. Learn more