| Saturday, 5th February 2022, 7:13 pm

ജലീല്‍ നിരപരാധിത്വം തെളിഞ്ഞേ എന്ന് പെരുമ്പറ കൊട്ടി നടക്കുന്നത് എന്തടിസ്ഥാനത്തിലാണ്: സന്ദീപ് വാര്യര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ വന്നതോടെ സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാണെന്ന് ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍.

സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇത്ര പെട്ടെന്ന് ഉന്നത പദവിയിലേക്ക് തിരിച്ചെത്തിയ ചരിത്രം കേരളത്തിലുണ്ടോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി എത്തിയ മുന്‍ മന്ത്രി കെ.ടി. ജലീലിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

‘കേസിന്റെ ഒരു ഘട്ടത്തില്‍ ശിവശങ്കരനെ സി.പി.ഐ.എം തള്ളിപ്പറഞ്ഞെങ്കിലും തൊട്ടടുത്ത നിമിഷം മുതല്‍ കവര്‍ ഫയര്‍ നല്‍കാനും തുടങ്ങി. മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്ന വിവരങ്ങള്‍ ശിവശങ്കരന്റെ കൈവശമുണ്ട്.
അതുകൊണ്ടാണ് സസ്‌പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ പ്രവേശിച്ച ശിവശങ്കറിനെ സ്പോര്‍ട്സ് യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്,’ സന്ദീപ് വാര്യര്‍ പറഞ്ഞു.

കെ.ടി. ജലീല്‍ നിരപരാധിത്വം തെളിഞ്ഞേ എന്ന് പെരുമ്പറ കൊട്ടി നടക്കുന്നുണ്ട്. സ്വപ്ന പറഞ്ഞത് ജലീല്‍ എല്ലാ കാര്യവും നേരിട്ട് യു.എ.ഇ നയതന്ത്ര പ്രതിനിധിയുമായിട്ടാണ് സംസാരിച്ചിരുന്നത് എന്നാണ്. അല്ലാതെ ജലീല്‍ നിരപരാധി ആണെന്നല്ലന്നും അദ്ദേഹം പറഞ്ഞു.

ഒരു വിദേശ നയതന്ത്ര പ്രതിനിധിയുമായി നേരിട്ട് ബന്ധം പുലര്‍ത്താന്‍ ജലീലിന് എന്ത് അധികാരമാണ് ഉണ്ടായിരുന്നത്? ആ നയതന്ത്ര പ്രതിനിധിയാകട്ടെ സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷന്‍ ഇടപാടില്‍ വരെ ആരോപണ വിധേയനും. സ്വപ്ന വെളിപ്പെടുത്തിയത് ജലീലും ഈ നയതന്ത്ര പ്രതിനിധിയും ഒന്നിച്ച് ക്ലോസ്ഡ് റൂം ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നാണ്. എങ്കില്‍ അത് അതീവ ഗുരുതരമായ കാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്ന മുഴുവന്‍ കാര്യങ്ങളും പറഞ്ഞിട്ടില്ല. പറയുമെന്ന് പ്രതീക്ഷിക്കാനും വയ്യ. പക്ഷെ സ്പെയ്സ്പാര്‍ക്കിലെ അനധികൃത നിയമനം, ലൈഫ് അഴിമതി, മുന്‍ സ്പീക്കര്‍ ശ്രീരാമ കൃഷ്ണനുമായുള്ള ബന്ധം എന്നീ വിഷയങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരി വെക്കുന്ന വെളിപ്പെടുത്തലാണ് പുറത്തുവന്നത്.
കിറ്റ് കൊണ്ട് അഴിമതിയുടെ ദുര്‍ഗന്ധം ഏറെക്കാലം മൂടിവെയ്ക്കാനാവില്ലെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ജലീല്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടതെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍.

ഇതിന് മറുപടിയായി സത്യമെപ്പോഴും തെളിച്ചത്തോടെ നില്‍ക്കും. തന്റെ രക്തത്തിനായി ഓടിനടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെയെന്നമാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.

തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ എഴുതിയെങ്കില്‍ അത് മോശമാണെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. താന്‍ ശിവശങ്കറിനെ ചതിച്ചിട്ടില്ല. ഐ ഫോണ്‍ നല്‍കി ഐ.എ.എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല. അതിനു മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

യു.എ.ഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ എല്ലാം തന്റെ തലയില്‍ വെച്ച് എല്ലാവരും പോയി. അത് ആരാണെന്ന് പിന്നീട് മനസിലാകും. അതൊക്കെ കോടതിയുടെ പരിധിയിലുള്ള കാര്യമാണ്. കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

CONTENT HIGHLIGHTS:  BJP spokesperson Sandeep Warrier has said that the allegations leveled against Swapna Suresh in the gold smuggling case have come to light.

We use cookies to give you the best possible experience. Learn more