നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണം; പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ശക്തം
national news
നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണം; പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം ശക്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th June 2022, 8:20 pm

ന്യൂദല്‍ഹി: ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തിലെ പ്രവാചക നിന്ദക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തം.

പ്രവാചകനെ അവഹേളിച്ച നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡാല്‍ എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജുമുഅ നമസ്‌കാരത്തിന് ശേഷം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ വിശ്വാസികള്‍ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി.

ദല്‍ഹി, കൊല്‍ക്കത്ത, പ്രയാഗ്‌രാജ് എന്നിവടങ്ങളിലെല്ലാം പരാമര്‍ശത്തെച്ചൊല്ലി വന്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

പ്രതിഷേധം അക്രമാസക്തമായതിനെത്തുടര്‍ന്ന് റാഞ്ചി പോലീസ് നഗരത്തിലെ മെയിന്‍ റോഡ് ഏരിയയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ജനക്കൂട്ടത്തിനുനേരെ പോലീസ് ലാത്തി വീശിയതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ജനക്കൂട്ടത്തിലുണ്ടായിരുന്ന ചിലര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു.

കൊല്‍ക്കത്തയില്‍ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 300-ലധികം ആളുകള്‍ നമാസ് സമയത്ത് പോസ്റ്ററുകള്‍ പതിച്ചു.

ഉത്തര്‍പ്രദേശിലെ സഹന്‍പൂര്‍, മൊറാദാബാദ്, എന്നിവിടങ്ങളിലും ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധമരങ്ങേറി. ലക്നൗ, കാണ്‍പൂര്‍, ഫിറോസാബാദ് തുടങ്ങിയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പൊലീസ് നേരത്തേ സുരക്ഷ ശക്തമാക്കിയിരുന്നു.

ടൈംസ് നൗവില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ പ്രവാചകനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

നുപുര്‍ ശര്‍മയെ പുറത്താക്കിയ നടപടി സ്വാഗതാര്‍ഹമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍, നടപടി തെറ്റാണെന്നാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ അഭിപ്രായം. പാര്‍ട്ടിയുടെ ആശയം മാത്രമാണ് നുപുര്‍ ചര്‍ച്ചയില്‍ പറഞ്ഞതെന്നും ഇതിന് ബി.ജെ.പി സ്വീകരിച്ച നടപടി ശരിയല്ലെന്നുമായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വാദം.

Content Highlights: BJP spokesperson Nupur Sharma’s remarks against blasphemy have sparked protests across the country