| Tuesday, 8th January 2019, 9:58 pm

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് അസമില്‍ ബി.ജെ.പി വക്താവ് രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹതി: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പിയുടെ അസം വക്താവായ മെഹ്ദി ആലം ബോറ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അസം ബി.ജെ.പി അദ്ധ്യക്ഷന്‍ രഞ്ജിത് കുമാര്‍ ദാസിനാണ് ആലം ബോറ രാജിസമര്‍പ്പിച്ചത്.

പൗരത്വഭേദഗതി ബില്ലിനെ എതിര്‍ക്കുന്നു. ബില്‍ അസ്സമിന് ആപത്താണ്. രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കുന്നതാണ് നീക്കമെന്നും ബോറ രാജിക്കത്തില്‍ പറഞ്ഞു. ബില്ലില്‍ പ്രതിഷേധിച്ച് അസമിലെ എന്‍.ഡി.എ ഘടകകക്ഷിയായ അസം ഗണ പരിഷദ് മുന്നണി വിട്ടിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിമിതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ ലോക്സഭ ഇന്ന് പാസാക്കിയിരുന്നു. ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരില്‍ ഇന്ത്യയില്‍ നിശ്ചിതകാലം താമസിക്കുന്നവര്‍ക്ക പൗരത്വം നല്‍കുമെന്നാണ് വ്യവസ്ഥ. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആണ് ബില്‍ അവതരിപ്പിച്ചത്.

കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ക്ക് പുറമെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കക്ഷികളുടെയെല്ലാം എതിര്‍പ്പ് മറികടന്നാണ് ബില്‍ പാസാക്കിയത്.

We use cookies to give you the best possible experience. Learn more