'ഇവിടെ വിവേകാനന്ദന്റെയും വല്ലഭായ് പട്ടേലിന്റെയും പ്രതിമ മതി'; ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി വക്താവ്
Tripura
'ഇവിടെ വിവേകാനന്ദന്റെയും വല്ലഭായ് പട്ടേലിന്റെയും പ്രതിമ മതി'; ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th March 2018, 3:30 pm

അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി വക്താവ് സുബ്രതാ ചക്രബര്‍തി. രാജ്യത്ത് വേണ്ടത് വിവേകാനന്ദന്റെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും പ്രതിമയാണെന്ന് സുബ്രതാ പ്രതികരിച്ചു.

ബെലൊണിയയിലെ സംഭവം പൊതുവായ ദേഷ്യത്തില്‍ നിന്നുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

” ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും സ്വാമി വിവേകാനന്ദന്റെയും പ്രതിമകളാണ്. ലെനിന്റെ പ്രതിമയല്ല.”

നേരത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ന്യായീകരണവുമായി ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയും രംഗത്തെത്തിയിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം എന്നായിരുന്നു ഗവര്‍ണറുടെ വാദം.

തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ ത്രിപുരയില്‍ ലെനിന്റെ പ്രതിമ ബി.ജെ.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. തെക്കന്‍ ത്രിപുരയില്‍ ബെലോണിയ നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന പ്രതിമയാണ് തകര്‍ത്തത്.

അഞ്ചടി ഉയരത്തിലുണ്ടായിരുന്ന പ്രതിമ ബെലോണിയയിലെ കോളേജ് സ്‌ക്വയറിലായിരുന്നു നിലനിന്നിരുന്നത്. ത്രിപുര വിജയത്തിന് പിന്നാലെ സി.പി.ഐ.എം കേന്ദ്രങ്ങള്‍ക്ക് നേരെ ത്രിപുരയില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിമയും തകര്‍ക്കപ്പെട്ടിരിക്കുന്നത്.

നേരത്തെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു ബി.ജെ.പിയുടെ വിശദീകരണം.