| Sunday, 9th October 2022, 4:10 pm

കന്നഡ പത്രങ്ങളിൽ മുഴു പേജ് പരസ്യം നൽകി ബി.ജെ.പി; ജോഡോ യാത്രക്കെതിരെ കോടിക്കണക്കിന് രൂപ ചെലവഴിക്കുനെന്ന് രാഹുൽ ​ഗാന്ധി

ഐഷ ഫർസാന

കർണാടകയിൽ നടക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ കോടികൾ മുടക്കി പരസ്യങ്ങൾ നൽകി ബി.ജെ.പി. കന്നഡ പത്രങ്ങളായ കന്നഡപ്രഭ, സംയുക്ത കർണാടക, ഹൊസ ദിഗംത, വിശ്വവാണി എന്നീ പത്രങ്ങളിലാണ് കോൺഗ്രസിനും ഭാരത് ജോഡോ യാത്രക്കുമെതിരെ പരസ്യങ്ങളുമയായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്.

കോടികൾ ചിലവഴിച്ചാണ് ബി.ജെ.പി ജോഡോ യാത്രക്കെതിരെ പരസ്യങ്ങൾ നൽകിയിരിക്കുന്നത്. ഒക്ടോബർ ആറിന് അച്ചടിച്ച പത്രങ്ങളിലാണ് ഇത്തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.

”മുംബൈയിൽ ഭീകരർ ആക്രമണം നടത്തിക്കൊണ്ടിരുന്നപ്പോൾ അടിച്ചുപൊളിക്കുകയായിരുന്നു രാഹുൽ ഗാന്ധി”, ”പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള 175 കേസുകൾ പിൻവലിച്ച് സിദ്ധരാമയ്യ”, ”ടിപ്പു ജയന്തി ആഘോഷിക്കുന്നത് അഭിമാനം: സിദ്ധു”, ഡി.കെ. ശിവകുമാറിനെതിരെ ഇ.ഡി ചാർജ്ഷീറ്റ്” തുടങ്ങിയ ബി.ജെ.പി വാർത്തകളായിരുന്നു മുഖപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

ഇതൊന്നും രാഷ്ട്രീയ കാഴ്ചപ്പാടിൽ യഥാർത്ഥത്തിൽ വാർത്തകളല്ല. മറിച്ച് കോൺഗ്രസ് വിരുദ്ധ. ബി.ജെ.പി അനുകൂല പരസ്യങ്ങളാണ്.

പത്രത്തിന്റെ ഒന്നാം പേജിലാണ് ഈ പരസ്യങ്ങൾ വന്നിരിക്കുന്നത്. നാലു പത്രങ്ങൾക്കും സമാനമായ മുഖപത്രം തന്നെയാണ് നൽകിയിരിക്കുന്നതും. പേജിന്റെ നടുക്ക് പരസ്യം പോലെ തോന്നിപ്പിക്കുന്ന ”കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര- ഭൂതത്തിന്റെ വായിലെ ഭഗവദ്ഗീത” എന്നത് പരസ്യമല്ല. മറിച്ച് ശരിയായ പരസ്യത്തെ മറച്ചുവെക്കാനുള്ള ഒരു ജാക്കറ്റ് പരസ്യം മാത്രമാണ്. ശരിയായ ഒന്നാം പേജിനെ മറച്ചുവെച്ച് ബി.ജെ.പി അനുകൂല വാർത്തകളാൽ സമ്പുഷ്ടമായ ചിത്രത്തിൽ കാണുന്ന ഒന്നാം പേജുകളെ പോലെ.

കഴിഞ്ഞ ദിവസം നടന്ന കർണാടകയിലെ തുംകുറിൽ നടന്ന ജോഡോ യാത്രയിൽ രാഹുൽ ​ഗാന്ധി ബി.ജെ.പിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ബി.ജെ.പിക്കും ആർ.എസ്.എസിനും സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കുമില്ലെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. സത്യങ്ങൾ ബി.ജെ.പിക്ക് മൂടിവെക്കാനാവില്ല. കോൺഗ്രസും അതിന്റെ നേതാക്കളുമാണ് സ്വാതന്ത്ര്യത്തിനായി പോരാടിയത്.

ആർ.എസ്.എസും സവർക്കറും ബ്രിട്ടീഷുകാരെ സഹായിക്കുകയാണ് ചെയ്തത്. സവർക്കർ ബ്രിട്ടീഷുകാരിൽ നിന്ന് സ്‌റ്റൈപന്റ് വാങ്ങിയ ആളാണ്. സ്വതന്ത്ര്യസമര കാലത്ത് എവിടെയും ബി.ജെ.പിയുടെ മുൻഗാമികൾ ഉണ്ടായിരുന്നേയില്ലെന്നും രാഹുൽ പറഞ്ഞു.

ദേശവിരുദ്ധ നടപടിയിലൂടെ രാജ്യത്ത് വിദ്വേഷവും അക്രമവും വളർത്തുകയാണ് ബി.ജെ.പി. അവരുടെ ഭരണത്തിന് കീഴിൽ തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം ജനങ്ങൾ മടുത്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി ഭാരത് ജോ‍ഡോയാത്രയെ അപകീർത്തിപ്പെടുത്താൻ കോടികൾ ചെലവഴിക്കുകയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞിരുന്നു.

ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആർ.എസ്.എസും ബി.ജെ.പിയും കോൺ​ഗ്രസിന്റേയും ജോ‍ഡോ യാത്രയുടേയും പ്രത്യയശാസ്ത്രത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

ഈ സാഹചര്യത്തിലാണ് കർണാടകയിലെ മുഖപത്രങ്ങൾ ചർച്ചയാകേണ്ടത്. പത്രവാർത്തയെന്ന് തോന്നിപ്പിക്കുന്ന നിലയിലാണ് ബി.ജെ.പി അനുകൂല പരസ്യങ്ങൾ പത്രത്തിൽ നൽകിയിരിക്കുന്നത്. ഇത് വ്യക്തമാക്കുന്നത് ജോഡോ യാത്രക്ക് ലഭിക്കുന്ന സ്വീകാര്യത ബി.ജെ.പിയിലുണ്ടാക്കുന്ന ആശങ്കളാണ്.

കർണാടകയിൽ നടക്കുന്ന ജോഡോ യാത്രയെ തകർക്കാൻ ബി.ജെ.പി കാര്യമായ ശ്രമങ്ങൾ നടത്തിവരുന്നുണ്ട്. ജോഡോ യാത്ര ദേശ വിരുദ്ധമാണെന്നാന്നതുൾപ്പെടെയുള്ള വാദങ്ങൾ ബി.ജെ.പി ആവർത്തിച്ചു പറയുന്നുണ്ട്. യാത്ര മുന്നോട്ടുവെച്ച ഐക്യം എന്ന ആശയത്തിന് നേർവിപരീതമാണ് കോൺഗ്രസിന്റെ പ്രവർത്തനം എന്നാണ് ബി.ജെ.പി പറയുന്നത്.

അതേസമയം തന്നെ ജോഡോ യാത്ര കൊണ്ട് സംസ്ഥാനത്ത് കാര്യമായ യാതൊരു മാറ്റങ്ങളുമുണ്ടാകില്ലെന്ന് പറഞ്ഞ് സ്വയം ആശ്വാസം കണ്ടെത്താനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്.

ബി.ജെ.പി സംസ്ഥാന കമ്മിറ്റി യോഗത്തിലും ഭാരത് ജോഡോ യാത്ര ചർച്ചാ വിഷയമായിരുന്നു. ജോഡോ യാത്രക്ക് ബദലെന്നവണ്ണം ഈ മാസാവസാനം ബി.ജെ.പി ജനകീയ ഒ.ബി.സി റാലി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ബൊമ്മൈയും മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയും നയിക്കുന്ന ആറ് റാലികളാണ് ബി.ജെ.പി നടത്താനിരിക്കുന്നത്.

ജോഡോ യാത്രക്ക് തടസ്സമുണ്ടാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം തേടാനും ബി.ജെ.പി മറന്നില്ല. യാത്ര കർണാടകയിൽ എത്തുന്നതിന്റെ തലേദിവസം യാത്രയുടെ പ്രധാന സംഘാടകനും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിന്റെ വസതികളിൽ സി.ബി.ഐ റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദൽഹിയിൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകാനും ഉത്തരവിട്ടു.

ജോഡോ യാത്ര നടക്കുന്നതിനാൽ സമയം നീട്ടി നൽകണമെന്ന് ശിവകുമാർ ഇ.ഡിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് കേന്ദ്ര ഏജൻസി തള്ളിയിരുന്നു.

തങ്ങളുടെ പാർട്ടിയെ ജോഡോ യാത്ര ബാധിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയും വിവിധ പരാമർശങ്ങളുമായി രം​ഗത്തെത്തിയിരുന്നു. കോൺസിന്റെ ജോ‍ഡോ യാത്രക്ക് ബദലായാണ് ആർ.എസ്.എസ് റാലി നടത്തുന്നതെന്ന് വാദങ്ങളം അദ്ദേഹം തള്ളിയിരുന്നു. അത് നേരത്തെ തീരുമാനിച്ചതാണെന്നായിരുന്നു ബൊമ്മൈയുടെ പ്രതികരണം.

Content Highlight: BJP spending crores on advertising against congress, rahul gandhi criticizes party

ഐഷ ഫർസാന

ഡൂള്‍ ന്യൂസില്‍ മൾട്ടിമീഡിയ ജേർണലിസ്റ്റ്ട്രെയ്നി ജേർണലിസത്തിൽ ബിരുദവും പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more