ന്യൂദൽഹി: ഉപതെരഞ്ഞെടുപ്പിലെ വിജയത്തിൽ സന്തോഷം രേഖപ്പെടുത്തി ഇന്ത്യ മുന്നണി. ബി.ജെ.പി വൈകാതെ ഐ.സി.യുവിലേക്ക് പോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. ഉപതെരഞ്ഞെടുപ്പിൽ 13 ൽ 10 സീറ്റും നേടി ഇന്ത്യാ സഖ്യം മികച്ച വിജയം കൈവരിച്ചു. ബി.ജെ.പിക്ക് രണ്ടു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
ബി.ജെ.പിയെ ജനങ്ങൾ പിന്തുണക്കുന്നില്ല എന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പെന്നാണ് ഇന്ത്യാ മുന്നണിയിലെ നേതാക്കൾ പറഞ്ഞത്.
‘ബി.ജെ.പിയുടെ കള്ളങ്ങൾ പൊളിഞ്ഞു വീഴാൻ തുടങ്ങി. ജനങ്ങൾ അവരുടെ തന്ത്രങ്ങൾ മനസ്സിലാക്കി. എല്ലാ മതസ്ഥലങ്ങളിൽ നിന്നും ജനങ്ങൾ ബി.ജെ.പിയെ പരാജയപ്പെടുത്തി. അയോധ്യ, സീതാപൂർ, ചിത്രകൂട് തുടങ്ങി ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലും അവർ പരാജയപ്പെട്ടു.
നാസിക്, രാമേശ്വരം എന്നിവിടങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടു. ഭഗവാൻ രാമൻ പോലും ബി.ജെ.പിയെ തള്ളിക്കളഞ്ഞു,’ സമാജ്‌വാദി പാർട്ടിയിലെ മുതിർന്ന എം.പിയായ രാം ഗോപാൽ യാദവ് പറഞ്ഞു.
ബി.ജെ.പിയുടെ സ്വാധീനം കുറയുന്നതിൻ്റെ വ്യക്തമായ സൂചനയായാണ് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ഫലത്തെ വ്യാഖ്യാനിച്ചത്. ബി.ജെപി പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജനങ്ങൾ അവരെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നെന്നും വൈകാതെ ബി.ജെ.പി ഐ.സി.യുവിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ‘മൂഡ്’ ബി.ജെ.പിക്ക് എതിരാണെന്നതാണ് ഉപതിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ചിദംബരം എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓരോ സംസ്‌ഥാനങ്ങളിലും ഇറങ്ങി പ്രവർത്തിക്കേണ്ടതുണ്ടെന്നും കാറ്റ് ഇന്ത്യാസഖ്യത്തിനനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: BJP soon headed to ICU’: INDIA bloc leaders’ swipe over assembly bypoll results