|

ഞാന്‍ മത്സരിക്കുമെന്നാണ് ടി.വിയില്‍ കണ്ടത്, സുരേന്ദ്രന്‍ വിളിച്ചിട്ടില്ല; കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാറെന്ന് ശോഭാ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കുമെന്ന് ശോഭാ സുരേന്ദ്രന്‍. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ ശോഭ മത്സരിക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ തന്നെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും മത്സരിക്കും എന്ന് ടി.വിയില്‍ കണ്ടുവെന്നുമാണ് ശോഭ പ്രതികരിച്ചത്. കഴക്കൂട്ടത്ത് കടകംപള്ളിയ്‌ക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്നും ശോഭ പറഞ്ഞു.

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേര് ഒഴിവാക്കിയത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ട് പോലും സംസ്ഥാന നേതൃത്വം ഇതിന് തയ്യാറാകാത്തത് വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സുരേന്ദ്രന്‍ തന്നെ ശോഭാ സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചത്.

”ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിക്കും.അവരോട് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരു തന്നെയായിരുന്നു വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. അവര്‍ ദല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ തന്നെ അവരെ വിളിച്ച് സംസാരിച്ചതാണ്. ബി.ജെ.പിക്ക് അകത്ത് ഒരു വിധത്തിലുള്ള തര്‍ക്കങ്ങളുമില്ല,” സുരേന്ദ്രന്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രനും താനും തമ്മില്‍ നല്ല ബന്ധമാണുള്ളത്. ബാക്കിയെല്ലാം മാധ്യമപ്രവര്‍ത്തകരുണ്ടാക്കുന്ന കഥകളാണെന്നും അവയ്ക്ക് 24 മണിക്കൂര്‍ പോലും ആയുസില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കഴക്കൂട്ടവും, കൊല്ലവും, കരുനാഗപ്പള്ളിയുമാണ് ബി.ജെ.പി പട്ടികയില്‍ ഒഴിച്ചിട്ടത്. കഴിഞ്ഞ തവണ വി. മുരളീധരന്‍ കഴക്കൂട്ടത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Sobha Surendran Kazhakkoottam K Surendran