| Wednesday, 17th August 2022, 12:25 pm

സവര്‍ക്കറെ ചെരുപ്പുനക്കിയെന്ന് വിളിച്ചത് അംഗീകരിക്കാനാകില്ല, സിദ്ധരാമയ്യയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി: ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: മുസ്‌ലിം പ്രദേശത്ത് സവര്‍ക്കറിന്റെ ബാനര്‍ സ്ഥാപിക്കാനുള്ള ബി.ജെ.പി നീക്കത്തെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ വിമര്‍ശിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേന്ദ്ര. ഇത് ഇന്ത്യയാണെന്നും തങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിപ്പിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം പ്രദേശത്ത് ബി.ജെ.പി സവര്‍ക്കറിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള തന്ത്രം മാത്രമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.

‘ഇത് ഇന്ത്യയാണ്. വിദേശരാജ്യമൊന്നുമല്ല. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളിടത്ത് ഞങ്ങള്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ബാനറുകള്‍ സ്ഥാപിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗത്തിന്റെ പിന്തുണ ലഭിക്കാനുള്ള കേവലം പ്രവര്‍ത്തികള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതാവ് നടത്തുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 13ന് പുറത്തിറങ്ങിയ വീഡിയോയില്‍ വി.ഡി സവര്‍ക്കറിനെ അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഷരീഫ് രംഗത്തെത്തിയിരുന്നു. അത് സംസ്ഥാനത്തെ ജനങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതായിരുന്നു. സ്വാതന്ത്ര്യ സമരകാലത്ത് ഏകദേശം 14 വര്‍ഷത്തോളം സവര്‍ക്കര്‍ ജയിലില്‍ കഴിഞ്ഞിരുന്നു. സവര്‍ക്കര്‍ ചെരുപ്പുനക്കിയാണെന്ന കോണ്‍ഗ്രസിന്റെ പ്രസ്താവന ഒരിക്കലും ന്യായീകരിക്കാവുന്നതല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിദ്ധരാമയ്യക്ക് സവര്‍ക്കറെ കുറിച്ച് ഒന്നും അറിയില്ലെന്നും രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങള്‍ കോണ്‍ഗ്രസ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശിവമോഗയില്‍ വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേതെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ബി.ജെ.പിയുടെ കളിപ്പാവയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം ബി.ജെ.പി മഞ്ഞക്കണ്ണോടുകൂടിയാണ് കാണുന്നത്. എന്ത് നടന്നാലും ബി.ജെ.പി അതിന് കോണ്‍ഗ്രസിനെയാണ് കുറ്റം പറയുന്നത്. അവര്‍ മുസ്ലിം പ്രദേശത്ത് സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിച്ചു. അതിന്റെ ആവശ്യമെന്താണ്? അവരെന്തെങ്കിലും ചെയ്തോട്ടെയെന്ന് വെക്കാം. പക്ഷേ ടിപ്പു സുല്‍ത്താന്റെ ഫോട്ടോ വേണ്ടെന്ന് വെച്ചതിന്റെ ചേതോവികാരം എന്താണ്?,’ സിദ്ധരാമയ്യ പറഞ്ഞു.

എസ്.ഡി.പി.ഐയും പി.എഫ്.ഐയും സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടാക്കാനോ ക്രമസമാധാനം തകര്‍ക്കാനോ ശ്രമിക്കുന്നുണ്ടെങ്കില്‍, അതിന് കൃത്യമായ തെളിവുണ്ടെങ്കില്‍ അവരെ നിരോധിക്കണമെന്നും സിദ്ധരാമയ്യ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയോട് പറഞ്ഞു. കുട്ടിയെ നുള്ളിക്കരയിച്ചിട്ട് തൊട്ടിലാട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.എച്ച് റോഡില്‍ സിറ്റി സെന്റര്‍ മാളില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ സ്വാതന്ത്ര്യ സമരസേനാനികളോടൊപ്പം ഹിന്ദുത്വ നേതാവ് സവര്‍ക്കറിന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരുന്നു.

മഹാത്മാഗാന്ധിയും ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ എസ്.ഡി.പി.ഐക്കാരനായ യുവാവ് പ്രതിഷേധിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സവര്‍ക്കര്‍ സ്വാതന്ത്യസമര സേനാനിയല്ലെന്നും മറിച്ച് ദേശദ്രോഹിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

സ്വാതന്ത്ര്യ സമര കാലത്ത് നിരവധി മുസ്ലിങ്ങള്‍ രാജ്യത്തിന് വേണ്ടി ബലി നല്‍കിയിട്ടുണ്ടെന്നും അവരുടെയൊന്നും ചിത്രങ്ങള്‍ എവിടേയും പ്രദര്‍ശിപ്പിച്ചു കണ്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതേസമയം പ്രതിഷേധം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി സിറ്റി വിങ് പ്രസിഡന്റ് ജഗദീഷ് ആരോപിച്ചിരുന്നു.

Content Highlight: BJP slams siddaramaiah on his remarks against vd savarkar

We use cookies to give you the best possible experience. Learn more