എം.എന്‍.എസ് നേതാവ് രാജ്താക്കറെ സല്‍മാന്‍ ഖാനെ സന്ദര്‍ശിച്ചു: രാഷ്ട്രീയക്കാരന് ചേര്‍ന്ന കീഴ്‌വഴക്കമല്ലെന്ന് ബി.ജെ.പി
Daily News
എം.എന്‍.എസ് നേതാവ് രാജ്താക്കറെ സല്‍മാന്‍ ഖാനെ സന്ദര്‍ശിച്ചു: രാഷ്ട്രീയക്കാരന് ചേര്‍ന്ന കീഴ്‌വഴക്കമല്ലെന്ന് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 May 08, 04:34 am
Friday, 8th May 2015, 10:04 am

Raj-thakare-2മുംബൈ: അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊന്ന കേസില്‍ കുറ്റക്കാരനായ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ മുംബൈ നവ നിര്‍മ്മാണ്‍ സേന നേതാവായ രാജ് താക്കറെ സന്ദര്‍ശിച്ചതിനെതിരെ ബി.ജെ.പിയില്‍ അമര്‍ഷം. കോടതി ശിക്ഷിച്ച ഒരു പ്രതിയെ ഒരു പൊതു പ്രവര്‍ത്തകന്‍ സന്ദര്‍ശിക്കുന്നത് ശരിയായ സമ്പ്രദായമല്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുള്ള താക്കറെ സല്‍മാന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നേരിട്ടെത്തി അദ്ദേഹത്തെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നു.

അതേസമയം വിഷയത്തില്‍ രാജ് താക്കറെ മാധ്യമങ്ങളോട് പ്രതികരിക്കന്‍ തയ്യായില്ല. അതേസമയം ബോളിവുഡില്‍ നിന്നും ശക്തമായ പിന്തുണയാണ് സല്‍മാന്‍ ഖാന് ലഭിക്കുന്നത്. നേരത്തെ ആമീര്‍ഖാനും സല്‍മാന്‍ഖാനെ നേരിട്ട് സന്ദര്‍ശിക്കുകയുണ്ടായി. ഒരാളെ വീട്ടില്‍ ചെന്നു കാണുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും എന്നാല്‍ കോടതി ശിക്ഷിച്ച ഒരാളെ ചെന്ന് കാണുന്നത് നല്ല സമ്പ്രദായമല്ലെന്നുമാണ് മുംബൈയിലെ ബി.ജെ.പി നേതാവ് ആഷിഷ് ഷെല്ലര്‍ പറഞ്ഞത്.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തെ വലിയ കാര്യമാക്കിയെടുത്തില്ല. താക്കറെ സല്‍മാന്‍ ഖാനെ സന്ദര്‍ശനത്തിന് പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ ഉദ്ദേശ്യമുണ്ടെന്ന് അറിയില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചത്. എന്നാല്‍ എല്ലാവരും ജുഡിഷ്യറിയെ ബഹുമാനിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2002ല്‍ അലക്ഷ്യമായി വാഹനമോടിക്കുകയും പാതയോരത്ത് ഉറങ്ങുകയായിരുന്ന ആളുകള്‍ക്ക് മേല്‍ വാഹനമോടിച്ച് കയറ്റുകയും അതില്‍ ഒരാള്‍ മരിക്കുകയും ചെയ്ത കേസിലാണ് ഇന്നലെ സെഷന്‍സ് കോടതി സല്‍മാന്‍ ഖാന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍ ബോംബെ ഹൈക്കോടതി സല്‍മാന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.