ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ നിയമത്തിനും മുകളിലാണെന്ന തെറ്റിദ്ധാരണയോടെ ജീവിക്കരുതെന്ന് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തെറ്റായി പറഞ്ഞതിന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ വിമര്‍ശിച്ചുകൊണ്ടാണ് ബി.ജെ.പിയുടെ പ്രതികരണം.
അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെല്ലാം നിയമാനുസൃതമാണ്. നിമയമവ്യവസ്ഥക്കും മുകളിലാണ് കോണ്‍ഗ്രസ് എന്ന തെറ്റിദ്ധാരണ വെച്ച് ജീവിക്കരുതെന്നും ഭാട്ടിയ പറഞ്ഞു.
ദല്‍ഹി വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം നിയമലംഘനമാണെന്നും തെറ്റ് ചെയ്ത പാര്‍ട്ടി ഇപ്പോള്‍ ഇരയായി അഭിനയിക്കുകയാണെന്നും ഭാട്ടിയ കൂട്ടിച്ചേര്‍ത്തു.
‘മോദിക്ക് രാജ്യത്തെ 140 കോടി ജനങ്ങളുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ട്. അദ്ദേഹത്തെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സ്വയം വീഴാനുള്ള കുഴി കുഴിക്കുന്നത് പോലെയാണ്,’ ഭാട്ടിയ പറഞ്ഞു.
അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി അടിയന്തിരമായി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനായി ദല്‍ഹി വിമാനത്താവളത്തിലെത്തിയ ഖേരയെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
പവന്‍ ഖേരയെ അറസ്റ്റ് ചെയ്ത കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തെറ്റായി പറഞ്ഞത്. നരേന്ദ്ര ദാമോദര്‍ ദാസ് എന്നതിനെ നരേന്ദ്ര ഗൗതം ദാസ് എന്നായിരുന്നു ഖേര പറഞ്ഞത്.
ഇതിന് പിന്നാലെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ പേര് തെറ്റായി പറയുന്നതിലൂടെ അദ്ദേഹത്തേയും പിതാവിനേയും പരിഹസിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നായിരുന്നു ബി.ജെ.പിയുടെ വാദം.
Content Highlight: BJP slams congress says it shouldn’t live with the misconception that they are above law