| Tuesday, 9th June 2020, 11:46 am

കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയതില്‍ പരാതിയുമായി ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് മാറ്റിയതിനെതിരെ സംസ്ഥാന ബി.ജെ.പി. കൊവിഡ് വ്യാപനകാലത്ത് എം.എല്‍.എമാരെ ഇങ്ങോട്ടുകൊണ്ടുവന്നത് എന്തിനാണെന്ന് ബി.ജെ.പി നേതാവ് നാരായണ്‍ പുരോഹിത് ചോദിച്ചു.

‘എം.എല്‍.എമാരെ കോണ്‍ഗ്രസ് ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍ 22 എം.എല്‍.എമാരാണ് ഗുജറാത്തില്‍ നിന്ന് ഇവിടെ എത്തിയിരിക്കുന്നത്. ഞങ്ങളിതിനെതിരെ പരാതി കൊടുക്കും’, പുരോഹിത് പറഞ്ഞു.

ശിരോഹിയിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ മാറ്റിയിരിക്കുന്നത്. മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെയാണ് കോണ്‍ഗ്രസ് പുതിയ നീക്കങ്ങളിലേക്ക് കടന്നത്.

മാര്‍ച്ചില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 65 ആയി ചുരുങ്ങി. നാല് രാജ്യസഭ സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.

103 അംഗങ്ങളുള്ള ബി.ജെ.പിക്ക് രണ്ട് പേരെ കൂടിയാണ് രാജ്യസഭാ സീറ്റുറപ്പിക്കാന്‍ വേണ്ടത്. റമീള ഭാര, അഭയ് ഭരദ്വാജ്, നരഹരി അമിന്‍ എന്നിവരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍.

ജൂണ്‍ 19 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ നാല് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more