Advertisement
national news
'എ.എ.പി അങ്ങനെ അഭിനയത്തിന്റെ പര്‍ദ്ദ മാറ്റിയിരിക്കുന്നു'; രാഹുല്‍ ഗാന്ധിയെ പിന്തുണച്ച കെജ്‌രിവാളിനെ വിമര്‍ശിച്ച് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 23, 11:34 am
Thursday, 23rd March 2023, 5:04 pm

ന്യൂദല്‍ഹി: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. എ.എ.പിക്ക് രാജ്യത്തെ കോടതി വ്യവസ്ഥയില്‍ വിശ്വാസമില്ലെന്ന് മനസിലായെന്നും അഴിമതിയുടെ കാര്യത്തില്‍ ആപ് കോണ്‍ഗ്രസിനൊപ്പമാണെന്നും ബി.ജെ.പി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

‘എ.എ.പി അങ്ങനെ അവരുടെ അഭിനയത്തിന്റെ പര്‍ദ്ദ മാറ്റിയിരിക്കുന്നു. എ.എ.പിയുടെ കൈകള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് പരസ്യമായി സ്ഥിരീകരിച്ചു.

രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കുന്നത് വഴി രാജ്യത്തെ കോടതി വ്യവസ്ഥയില്‍ എ.എ.പിക്ക് വിശ്വാസമില്ലെന്ന് വ്യക്തമായി.

അഴിമതിയില്‍ എ.എ.പി കോണ്‍ഗ്രസിനൊപ്പമാണ്. അണ്ണാഹസാരെയുടേയും ഐ.എ.സിയുടേയും കാലം കഴിഞ്ഞു.

മോദി സമാജത്തിനും ഒ.ബി.സിക്കും എതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അവര്‍ അംഗീകരിക്കുന്നു. ഒരുപക്ഷേ രാജ്യത്ത് വിദേശ ഇടപെടല്‍ ആവശ്യപ്പെടുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും അവര്‍ അംഗീകരിച്ചേക്കാം,’ ഷെഹ്‌സാദ് പൂനാവാല ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പി ഇതര നേതാക്കളെയും പാര്‍ട്ടികളെയും പ്രോസിക്യൂട്ട് ചെയ്ത് ഇല്ലാതാക്കാനുള്ള ഗുഢാലോചന നടക്കുന്നുണ്ട്. കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഇത്തരത്തില്‍ മാനനഷ്ട കേസില്‍ പ്രതിയാക്കുന്നത് ശരിയല്ല. ചോദ്യം ചോദിക്കുക എന്നത് പൊതുസമൂഹത്തിന്റേയും പ്രതിപക്ഷത്തിന്റേയും കടമയാണ്. ഞങ്ങള്‍ കോടതിയെ ബഹുമാനിക്കുന്നുണ്ട് പക്ഷേ വിധിയോട് വിയോജിക്കുന്നു,’ എന്നായിരുന്നു കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ജനാധിപത്യത്തിന്റെ കാതല്‍ പ്രതിപക്ഷമാണെന്നും വിയോജിപ്പുകളെ അടിച്ചമര്‍ത്തരുതെന്നും എ.എ.പി രാജ്യസഭാ എം.പി രാഘവ് ഛദ്ദയും പ്രതികരിച്ചിരുന്നു. ഇന്ത്യക്ക് ശക്തമായ വിമര്‍ശന പാരമ്പര്യമുണ്ടെന്നും ഒരു പാര്‍ട്ടി, ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം എന്ന കണക്കിലേക്ക് വരരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയും വിധിക്ക് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മഹാത്മാ ഗാന്ധിയുടെ വചനം ഉദ്ധരിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

എന്റെ മതം സത്യവും അഹിംസയുമാണ്- സത്യം ദൈവവും അഹിംസ അത് നേടാനുള്ള മാര്‍ഗവുമാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്യമാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

2019ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി സമുദായത്തെ അപമാനിച്ച് സംസാരിച്ചെന്ന കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. രണ്ട് വര്‍ഷം തടവിനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു.

ഗുജറാത്ത് മുന്‍ മന്ത്രി പൂര്‍ണേഷ് മോദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പരാമര്‍ശം പൂര്‍ണേഷ് മോദിയെ ഉദ്ദേശിച്ചല്ലെന്നും നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

Content Highlight: BJP slams Arvind kejriwal after he tweeted in support to Rahul Gandhi in defamation case