ശ്രീനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടിയത് പോലെയുള്ള ബി.ജെ.പിയുടെ പെരുമാറ്റം അവസാനിപ്പിക്കണമെന്ന് നാഷണൽ കോൺഫറൻസ് (എൻ.സി) വൈസ് പ്രസിഡൻ്റ് ഒമർ അബ്ദുള്ള.
നാഷണൽ കോൺഫറൻസ് വർക്കിംഗ് കമ്മിറ്റിയുടെ ദ്വിദിന യോഗത്തിൻ്റെ സമാപനത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാർലമെൻ്റിൽ പ്രതിപക്ഷ അംഗങ്ങളോട് പെരുമാറുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേ, ജനാധിപത്യത്തിൽ എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്ന് അബ്ദുള്ള പറഞ്ഞു.
‘പാർലമെന്റിൽ സ്‌പീക്കറുടെ ഇച്ഛക്കൊത്ത് സംസാരിക്കാത്തതിന്റെ പേരിൽ എം.പിമാരുടെ പ്രസംഗങ്ങളുടെ ഭാഗങ്ങൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. ജനാധിപത്യത്തിൽ ഓരോരുത്തർക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സംസാരിക്കാനും അവകാശമുണ്ട്.
ബി.ജെ.പിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്പീക്കർ ഓരോ തീരുമാനങ്ങളും എടുക്കുന്നത്. ഒരു അംഗത്തിൻ്റെ പ്രസംഗത്തിൽ അധിക്ഷേപ പരാമർശങ്ങളോ വാക്കുകളോ ഇല്ലെങ്കിൽ, പ്രസംഗം മുഴുവനായും രേഖകളിൽ ഉൾപ്പെടുത്തണം,’ ഒമർ അബ്ദുള്ള പറഞ്ഞു.
എന്നാൽ 400 സീറ്റുകളെ കുറിച്ച് പറഞ്ഞിരുന്ന ബി.ജെ.പിക്ക് 240 കടക്കാൻ കഴിഞ്ഞില്ല എന്ന സത്യം ആരാണ് ബി.ജെ.പിയെ ഓർമിപ്പിക്കുക എന്നും ബി.ജെ.പി അവരുടെ മനോഭാവം മാറ്റണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു.
ലോക്സഭയിൽ 400 എം.പിമാർ ഉള്ളതുപോലെയാണ് ബി.ജെ.പി സംസാരിക്കുന്നതെന്നും അവർക്ക് 240 പേർ മാത്രമേയുള്ളൂവെന്നും അക്കാര്യം ബി.ജെ.പി മനസിലാക്കിയാൽ നന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞതിലെ പ്രധാന കാരണങ്ങളിലൊന്ന് അഗ്നിവീർ പദ്ധതിയാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
Content Highlight: BJP should stop behaving as if it won 400 seats in LS polls: Omar Abdullah