ഫത്തേഹ്പൂർ സിക്രി: തന്റെ അച്ഛനും കൊല്ലപ്പെട്ട മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി രക്തസാക്ഷിയാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മറ്റു ദേശീയ നേതാക്കളെ രക്തസാക്ഷിയായി കാണുന്നത് പോലെ അദ്ദേഹത്തെയും ബി.ജെ.പി. അങ്ങനെ കാണേണ്ടതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. സ്വയം ദേശസ്നേഹികളെന്നു അവകാശപ്പെടുന്ന ബി.ജെ.പി രക്തസാക്ഷികളെ അവരുടെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേർതിരിക്കാതെ ബഹുമാനിക്കാൻ പഠിക്കേണ്ടതാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘നിങ്ങൾ രാജ്യസ്നേഹികളാണെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ നിങ്ങൾ ‘ശഹീദു’കളെ(രക്തസാക്ഷികളെ) ബഹുമാനിക്കണം. ഹിന്ദുക്കളായ ശഹീദുകളെയും, മുസ്ലീങ്ങളായ ശഹീദുകളെയും നിങ്ങൾ ബഹുമാനിക്കണം. നിങ്ങളുടെ പ്രതിപക്ഷ നേതാവിന്റെ അച്ഛനായ ശഹീദിനെയും നിങ്ങൾ ബഹുമാനിക്കണം.’ പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘നിങ്ങൾ ദേശീയവാദികളാണെങ്കിൽ സ്വാതന്ത്ര്യസമരത്തിനു അടിത്തറ പാകിയ, സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരെ അപമാനിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങൾ ദേശസ്നേഹികളാണെങ്കിൽ ഈ തെരഞ്ഞെടുപ്പ് സമയത്ത് പാകിസ്ഥാനെക്കുറിച്ചല്ല ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കേണ്ടത്.’ അവർ പറഞ്ഞു.
കേന്ദ്ര സർക്കാരിന് ഇവിടുത്തെ സ്ഥാപനങ്ങളോടും ജനാധിപത്യത്തോടു തന്നെയും ബഹുമാനമില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. അവർ സത്യത്തിൽ ദേശസ്നേഹികളായിരുന്നുവെങ്കിൽ ശരിയുടെ പാത പിൻതുടർന്നേനെയെന്നും, സത്യത്തിന്റെ പാതയിൽ സഞ്ചരിക്കാത്തവർക്ക് രാജ്യം മാപ്പ് കൊടുക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.