ബി.ജെ.പിയെ പള്ളി ആക്രമിക്കുന്ന പാര്‍ട്ടിയായി മാത്രം കാണേണ്ടതില്ല; പറഞ്ഞതില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ്
Kerala News
ബി.ജെ.പിയെ പള്ളി ആക്രമിക്കുന്ന പാര്‍ട്ടിയായി മാത്രം കാണേണ്ടതില്ല; പറഞ്ഞതില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th March 2023, 7:31 pm

കണ്ണൂര്‍: ബി.ജെ.പി അനുകൂല നിലപാടില്‍ നിന്ന് മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ വാക്കില്‍ നിന്ന് അണുവിട പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രസ്താവന രാഷ്ട്രീയപക്ഷത്തെയോ മതപക്ഷത്തെയോ കൂട്ടുപിടിച്ചല്ലെന്നും മറിച്ച് കര്‍ഷകപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാല്‍ നയം മാറ്റുന്നവരല്ല കത്തോലിക്കാസഭ. ബി.ജെ.പി ചെയ്ത അന്യായങ്ങളെയും അതിക്രമങ്ങളെയും ന്യായീകരിക്കാന്‍ തങ്ങള്‍ക്ക് താത്പര്യമില്ലെന്നും മലയോര കര്‍ഷകരുടെ അതിജീവനമാണ് തങ്ങളുടെ ലക്ഷ്യമെന്നും മാര്‍ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.

‘ആ പ്രസ്താവനയില്‍ നൂറ് ശതമാനം ഉറച്ചുനില്‍ക്കുന്നു. അതില്‍ നിന്ന് അണുവിട പിന്മാറാന്‍ ഞാന്‍ തയ്യാറല്ല. അത് കര്‍ഷകരുടെ പൊതുവികാരമാണ്. കര്‍ഷകര്‍ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണ്. ബി.ജെ.പിയെ പള്ളി ആക്രമിക്കുന്ന പ്രസ്താനമായിട്ട് മാത്രം കാണേണ്ടി വരരുത്. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണത്. ആ പാര്‍ട്ടിയോടാണ് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ളത്. അവര്‍ക്കാണ് നയങ്ങള്‍ തിരുത്താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുവാദമുള്ളൂ. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതില്‍ കേരളത്തിലെ മുന്നണികള്‍ പരാജയപ്പെട്ടു.

കര്‍ഷക പക്ഷത്ത് ആരാണോ അവരോടൊപ്പമായിരിക്കും മലയോര കര്‍ഷകര്‍. ഈ വിഷയത്തെ ബി.ജെ.പി മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിന് വഴിമരുന്നിട്ടത് ഏത് പാര്‍ട്ടിക്കാരാണെന്ന് ആലോചിച്ച് നോക്കിയാല്‍ മതിയാകും.

ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു വിഷയം മുന്നിലേക്ക് കിട്ടുമ്പോള്‍ ബി.ജെ.പി പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തും. അവര്‍ വെക്കുന്ന കല്ലില്‍ തേങ്ങ എറിയാനോ അവര്‍ ചെയ്ത അന്യായങ്ങളെയോ അതിക്രമങ്ങളെയോ ന്യായീകരിക്കാനോ ഞങ്ങള്‍ക്ക് ഉദ്ദേശമില്ല. രാഷ്ട്രീയ നേതാക്കള്‍ക്ക് പക്വതയും കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കാനും തങ്ങളുടെ പ്രതികരണം ഉണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുകളെ കുറിച്ച് തിരിച്ചറിയാനുള്ള പക്വതയും ഉണ്ടായിരിക്കണം. അല്ലാതെ ഇപ്പോള്‍ ബി.ജെ.പിക്കാര്‍ മുതലെടുക്കുന്നു എന്ന് പറഞ്ഞ് നിലവിളിച്ചിട്ട് കാര്യമില്ല,’ പാംപ്ലാനി പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ റബര്‍ വില 300 ആക്കി ഉയര്‍ത്തിയാല്‍ ബി.ജെ.പിയെ സഹായിക്കുമെന്ന ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. കേരളത്തില്‍ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരഹരിച്ചു തരുമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Content Highlight: BJP should not be seen only as a church-attacking platform; Thalassery Archbishop will not back down from what he said