| Thursday, 27th December 2018, 7:18 pm

തോല്‍വിയില്‍ നിന്ന് ബി.ജെ.പി പാഠം പഠിക്കണം: കേന്ദ്രമന്ത്രി അനുപ്രിയാ പട്ടേല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഘടക കക്ഷിയായ അപ്‌നാ ദളില്‍ നിന്നും ബി.ജെ.പിയ്‌ക്കെതിരെ കൂടുതല്‍ വിമര്‍ശനമുയരുന്നു. ബി.ജെ.പി തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും എസ്.പി-ബി.എസ്.പി സഖ്യം വെല്ലുവിളിയായിരിക്കുകയാണെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ പറഞ്ഞു. ബി.ജെ.പിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ രണ്ട് പരിപാടികള്‍ അനുപ്രിയ പട്ടേല്‍ റദ്ദ് ചെയ്തിരുന്നു.

മുന്നണിയില്‍ തങ്ങള്‍ അസ്വസ്ഥരാണെന്ന് അപ്‌നാ ദള്‍ നേതാവായ ആശിഷ് പട്ടേലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

“ഞങ്ങള്‍ സഖ്യകക്ഷികള്‍ അസ്വസ്ഥരാണ്. ബിജെപി കേന്ദ്ര നേതൃത്വം എന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍ യുപിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും” അപ്‌നാ ദള്‍ നേതാവും അനുപ്രിയ പട്ടേലിന്റെ ഭര്‍ത്താവ് കൂടിയായ ആശിഷ് പട്ടേല്‍ പറഞ്ഞു.

ചെറു കക്ഷികളെയും പരിഗണിക്കണമെന്നും ബഹുമാനം കിട്ടാതെ മുന്നണിയില്‍ തുടരാനാവില്ലെന്നും ആശിഷ് പട്ടേല്‍ പറഞ്ഞിരുന്നു.

ബി.ജെ.പി ഉത്തര്‍പ്രദേശ് ഘടകത്തിനെതിരെയും യോഗി ആദിത്യനാഥിനെതിരെയുമാണ് അപ്‌നാ ദളിന് എതിര്‍പ്പ് നില നില്‍ക്കുന്നത്. രണ്ട് എം.പിമാരും 9 എം.എല്‍.എമാരുമുള്ള പാര്‍ട്ടിയാണ് അപ്‌നാ ദള്‍

ബിഹാറില്‍ മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്‍ഡിഎ വിട്ടതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്രമന്ത്രി കൂടി വിമര്‍ശനവുമായി എത്തുന്നത്. മാര്‍ച്ചില്‍ ടി.ഡി.പിയും എന്‍.ഡി.എ വിട്ടിരുന്നു.

We use cookies to give you the best possible experience. Learn more