| Friday, 21st June 2019, 4:27 pm

മഹാരാഷ്ട്രയിലെ വരള്‍ച്ച മുതലെടുത്ത് ബി.ജെ.പി; കാലിത്തീറ്റയ്ക്കായി അനുവദിച്ച ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ബി.ജെ.പി, ശിവസേന നേതാക്കള്‍ 'മുക്കി'യതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഡ്(മഹാരാഷ്ട്ര): അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയായിരുന്നു മഹാരാഷ്ട്ര അടുത്തിടെ നേരിട്ടത്. ബീഡ് അഹമ്മദ് നഗര്‍, സോളാപൂര്‍ എന്നീ മേഖലകളില്‍ വരള്‍ച്ച പിടിമുറുക്കിയപ്പോള്‍ കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടി. കന്നുകാലികള്‍ ഉള്‍പ്പെടെ ഭക്ഷണമില്ലാതെ ചത്തൊടുങ്ങി.

അഭൂതപൂര്‍വമായ ഈ വരള്‍ച്ച ഗ്രാമീണ മേഖലയെ തകര്‍ക്കുമ്പോള്‍ ഭരണകക്ഷിയായ ബി.ജെ.പിയും ശിവസേനയും കര്‍ഷകര്‍ക്കായി അനുവദിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

കന്നുകാലി കര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച ക്യാമ്പുകള്‍ക്കായി നല്‍കിയ ഫണ്ടാണ് ബി.ജെ.പിയും ശിവസേനയും ആസൂത്രിതമായി കൊള്ളയടിച്ചതെന്ന് ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനെതിരെ രംഗത്തെത്തിയ വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കളെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കര്‍ഷകര്‍ സാമൂഹ്യ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി അഭിമുഖം നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വരള്‍ച്ച അതിരൂക്ഷമായ മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 1400 ക്യാമ്പുകളായിരുന്നു സംസ്ഥാനത്ത് ആരംഭിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലുള്ള കര്‍ഷകരുടെ കന്നുകാലികള്‍ക്ക് വേണ്ടിയുള്ള ക്യാമ്പായിരുന്നു ആരംഭിച്ചത്. ബീഡ് ജില്ലയില്‍ കന്നുകാലികള്‍ക്കായി 545 ക്യാമ്പുകളായിരുന്നു ആരംഭിച്ചത്. ഓരോ ദിവസവും 3,49,106 കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ടെന്നായിരുന്നു സര്‍ക്കാര്‍ കണക്ക്.

സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം പ്രാദേശിക എന്‍.ജി.ഒകള്‍ക്കായിരുന്നു ഓരോ ക്യാമ്പിന്റെ ചുമതല. ക്യാമ്പിലെ വലിയ മൃഗങ്ങള്‍ക്ക് ദിവസവും 5 കിലോ കാലിത്തീറ്റ നല്‍കുന്നതിന് എന്‍.ജി.ഒകള്‍ക്ക് പ്രതിദിനം 90 രൂപയും ചെറിയ മൃഗങ്ങള്‍ക്ക് 7.5 കിലോ കാലിത്തീറ്റ നല്‍കുന്നതിന് ദിവസവും 45 രൂപയുമായിരുന്നു നല്‍കിയത്.

ബീഡ് ജില്ലയിലെ നിരവധി ക്യാമ്പുകളുടെ നിയന്ത്രണം ബീഡിലെ ബി.ജെ.പി നേതാവ് രാജേന്ദ്ര മക്ഷേയും ശിവസേന ജില്ലാ പ്രസിഡന്റ് കുണ്ടലിക് ഖാണ്ഡേയും ഏറ്റെടുക്കുകയും ക്യാമ്പില്‍ നിലവിലുള്ള കന്നുകാലികളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ കണക്ക് നല്‍കി വെള്ളവും കാലിത്തീറ്റയും കൈവശപ്പെടുത്തുകയുമായിരുന്നുവെന്നും ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ബീഡ് ജില്ലാ കളക്ടര്‍ ആസ്റ്റിക് കുമാര്‍ പാണ്ഡെ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ബീഡ് തഹ്സില്‍ മേഖലയിലെ കാലിത്തീറ്റ ക്യാമ്പുകളിലുണ്ടായിരുന്ന കന്നുകാലികളുടെ എണ്ണം ഒരു ദിവസം 16,000 ത്തില്‍ താഴെയായിരുന്നെന്നാണ് അന്വേഷണത്തിനും പരിശോധനയ്ക്കും ശേഷം വ്യക്തമായത്.

ബി.ജെ.പി നേതാക്കള്‍ സമര്‍പ്പിച്ച കള്ളക്കണക്ക് പ്രകാരം എല്ലാ ദിവസവും ഏകദേശം 7.2 ലക്ഷം മുതല്‍ 14.4 ലക്ഷം രൂപ വരെ ബി.ജെ.പി, ശിവസേന നേതാക്കള്‍ കൈക്കലാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കന്നുകാലികള്‍ക്കായി എത്തിച്ച കാലിത്തീറ്റയും വെള്ളവും കൊള്ളയടിച്ച ബി.ജെ.പി നേതാക്കളുടെ നടപടി പരിഹാസ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പശു സംരക്ഷണത്തെ പലപ്പോഴും രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

പല എന്‍.ജി.ഒകളുടേയും പ്രാദേശിക സംഘടനകളുടേയും പിന്നില്‍ ബി.ജെ.പിയുടെ പ്രധാനപ്പെട്ട ആളുകളാണെന്നും വരള്‍ച്ചയെത്തുടര്‍ന്ന് ആളുകള്‍ അതിജീവനത്തിനായി കേഴുമ്പോഴും ലജ്ജയില്ലാതെ ഇവര്‍ കൊള്ള നടത്തുകയായിരുന്നെന്നാണ് സംസ്ഥാനത്തെ അഴിമതി വിരുദ്ധ പ്രവര്‍ത്തകനും അഭിഭാഷകനുമായ അജിത് ദേശ്മുഖ് പറഞ്ഞത്.

കന്നുകാലി ക്യാമ്പുകളെ നിയന്ത്രിക്കുന്ന പലരും തങ്ങള്‍ക്ക് രാഷ്ട്രീയക്കാരുടെ വലിയ സഹായം ലഭിക്കാറുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലഭിക്കുന്ന പണം അവരുമായി പങ്കുവെക്കുമെന്നും ക്യാമ്പുകള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്നത് ശിവസേനയിലേയും ബി.ജെ.പിയിലേയും നേതാക്കളാണെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more