| Friday, 8th November 2019, 4:37 pm

'വൈകാതെ ബി.ജെ.പിയും ശിവസേനയും സര്‍ക്കാരുണ്ടാക്കണം, ജനവിധി അവര്‍ക്ക് അനുകൂലം'; നിര്‍ദ്ദേശവുമായി ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും വൈകാതെ സര്‍ക്കാരുണ്ടാക്കണമെന്ന നിര്‍ദ്ദേശവുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍. ബി.ജെ.പിക്കും ശിവസേനയ്ക്കുമാണ് അനുകൂലമായി ജനവിധി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.പി.ഐ നേതാവ് രാംദാസ് അതാവലെയുമായി സംസാരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്.

‘ബി.ജെ.പിയും ശിവസേനയും അധികം വൈകാതെ സ്ഥിരതയുള്ള ഒരു സര്‍ക്കാരുണ്ടാക്കണം. താമസം വരുന്നത് സംസ്ഥാനത്തെ പൊതുവിലും പ്രത്യേകിച്ച് സാമ്പത്തികമായും ബാധിക്കും. ഞാനും അതാവലെയും ഈ കാര്യമാണു സംസാരിച്ചത്.’- അദ്ദേഹം പറഞ്ഞു.

ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യതകള്‍ പവാര്‍ നേരത്തേ തള്ളിയിരുന്നു. പ്രതിപക്ഷത്തിരിക്കാനുള്ള സീറ്റുകള്‍ മാത്രമാണു തങ്ങള്‍ക്കു കിട്ടിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാഷ്ട്രപതി ഭരണം കൊണ്ടുവരാനുള്ള പദ്ധതിയാണ് ബി.ജെ.പിക്കുള്ളതെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് നേരത്തേ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്‍.സി.പി മുതിര്‍ന്ന നേതാവ് നവാബ് മാലിക് പറഞ്ഞു.

രാഷ്ട്രപതി ഭരണം നടപ്പാക്കി സംസ്ഥാനത്തെ അപമാനിക്കുന്നത് ജനങ്ങള്‍ ക്ഷമിക്കില്ലെന്നും നവാബ് മാലിക് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ദല്‍ഹിയില്‍ ഇരുന്നു കൊണ്ട് നരേന്ദ്ര മോദിയും അമിത് ഷായും മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ഈ അപമാനിക്കല്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ക്ഷമിക്കില്ല. മഹാരാഷ്ട്രയുടെ ചരിത്രം ദല്‍ഹിക്കു മുമ്പില്‍ മുട്ടുമടക്കില്ല.’-നവാബ് മാലിക് പറഞ്ഞു.

We use cookies to give you the best possible experience. Learn more