മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും സഖ്യധാരണയായി. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, ശിവസേന തലവന്‍ ഉദ്ധവ് താക്കറെ, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവര്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒന്നിച്ച് മത്സരിക്കുമെന്ന് ദേവേന്ദ്ര ഫട്നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും 50-50 സീറ്റുകളിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 25 സീറ്റുകളിലും ശിവസേന 23 സീറ്റുകളിലും മത്സരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ നിരന്തരം രൂക്ഷ വിമര്‍ശം ഉന്നയിക്കുകയും ബി.ജെ.പിയെ തുറന്നെതിര്‍ക്കുകയും ചെയ്യുമെന്ന് പ്രസ്താവിച്ചിരുന്ന ശിവസേന ഒടുവില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തില്‍ വീഴുകയായിരുന്നു.
“ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരേ പ്രത്യയശാസ്ത്രത്തിലാണ് രണ്ടു പാര്‍ട്ടികളും വിശ്വസിക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടി ഒന്നിച്ചുനില്‍ക്കുമെന്നും” ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശിവസേന പലപ്പോഴായി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. റഫാല്‍ ഇടപാടിനെ അനുകൂലിച്ചാല്‍ ദേശസ്നേഹിയും വിമര്‍ശിച്ചാല്‍ ദേശവിരുദ്ധനും ആകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് മുഖപത്രമായ സാംനയിലൂടെ ശിവസേന വിമര്‍ശം ഉന്നയിച്ചിരുന്നു.
അധികാരം ഇന്ദിരയ്ക്കും കോണ്‍ഗ്രസിനും ഓക്സിജന്‍ പോലെയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തേയും ശിവസേന വിമര്‍ശിച്ചിരുന്നു. നിങ്ങളുടെ ഓക്സിജന്‍ തീര്‍ന്നോ എന്ന ചോദ്യമുന്നയിച്ചായിരുന്നു വിമര്‍ശം.
പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടപ്പോള്‍ അവരെ അനുകൂലിച്ച് ശിവസേന വക്താവ് മനീഷ കയാന്ദെ രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്പോള്‍ പ്രിയങ്കയില്‍ ഇന്ദിരയെത്തന്നെ കാണുമെന്നായിരുന്നു ശിവസേന വക്താവിന്റെ പരാമര്‍ശം.
മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങുമെന്ന ബി.ജെ.പിയുടെ പ്രസ്താവനക്കെതിരേ ബി.ജെ.പി അഹങ്കാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്ന് ശിവസേന പറഞ്ഞിരുന്നു. കൂടാതെ നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റിനെതിരേയും ശിവസേന രൂക്ഷ പരാമര്‍ശം നടത്തിയിരുന്നു.
അടുത്ത വര്‍ഷം ലോക്സഭ തെരഞ്ഞെടുപ്പാണെന്നത് മനസില്‍ കണ്ടുള്ള “തെരഞ്ഞെടുപ്പ് ബജറ്റ്” മാത്രമാണ് ഇന്ന് അവതരിപ്പിച്ചത് എന്ന് ശിവസേന പറഞ്ഞിരുന്നു. മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ച കേന്ദ്ര നടപടിയും ശിവസേന വിമര്‍ശിച്ചിരുന്നു.
ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 26 സീറ്റുകളിലും ശിവസേന 22 സീറ്റുകളിലും മത്സരിച്ചിരുന്നു.