രാജസ്ഥാനില്‍ പൊളിറ്റിക്കല്‍ ക്വാറന്റീന്‍; കോണ്‍ഗ്രസിന് പിന്നാലെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ബി.ജെ.പിയും
Rajyasabha Elections
രാജസ്ഥാനില്‍ പൊളിറ്റിക്കല്‍ ക്വാറന്റീന്‍; കോണ്‍ഗ്രസിന് പിന്നാലെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി ബി.ജെ.പിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th June 2020, 5:29 pm

ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ബി.ജെ.പി കോടികളിറക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക്
ഗെലോട്ട് ആരോപിച്ചിരുന്നത്. എന്നാലിപ്പോള്‍ ബി.ജെ.പിയും തങ്ങളുടെ എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് വിവരം.

രാജ്യസഭാ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് രാജസ്ഥാനില്‍ തിരക്കിട്ട നീക്കങ്ങള്‍. 200 ല്‍ 190 എം.എല്‍.എമാരും ഇതോടെ റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് കടന്നിരിക്കുകയാണ്.

‘എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റണമെന്ന് ഒരു മാസം മുമ്പേ തീരുമാനിച്ചിരുന്നതാണ്. അവര്‍ക്ക് ചില പരിശീലനങ്ങള്‍ നല്‍കാനും മറ്റുചില ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഇത്’, ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ സതീഷ് പൂനിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് എം.എല്‍.എമാരെ പെട്ടന്നുതന്നെ മാറ്റാന്‍ തീരുമാനിച്ചതെന്നും ഇവരെ വരുന്ന രണ്ട് ദിവസവും റിസോര്‍ട്ടില്‍തന്നെ താമസിപ്പിക്കാനാണ് തീരുമാനമെന്നും പൂനിയ അറിയിച്ചു. അടുത്ത രണ്ട് ദിവസം രാജ്യസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങിനെക്കുറിച്ചും നിയമസഭയിലെ പ്രതിസന്ധികളെക്കുറിച്ചും എം.എല്‍.എമാര്‍ക്ക് പരിശീലനം നല്‍കും. ഇതിലൂടെ പരിശീലനും നിരീക്ഷണവും ഒരുമിച്ച് നടത്താനാവുമെന്നും പൂനിയ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് എം.എല്‍.എമാരെ ജയ്പുരിലുള്ള ജെ.ഡബ്ല്യു മാരിയറ്റ് റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ക്രൗണ്‍ പ്ലാസയിലേക്കാണ് ബി.ജെ.പി എം.എല്‍.എമാരെ മാറ്റുന്നത്.

മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ ജൂണ്‍ 18 ന് റിസോര്‍ട്ടിലെത്തി എം.എല്‍.എമാരെ കാണുമെന്നാണ് വിവരം.

ബി.ജെ.പിയിലും കോണ്‍ഗ്രസിലും കൂറുമാറ്റത്തിന് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. രാജ്യസഭയിലേക്ക് ഇതുവരെ വോട്ട് ചെയ്യാത്ത 20-30 പുതിയ എം.എല്‍.എമാര്‍ ഇരുപാര്‍ട്ടികള്‍ക്കുമുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായ ദിവസങ്ങളില്‍ ഇവര്‍ക്ക് പ്രത്യേക പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടതുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികളും അഭിപ്രായപ്പെടുന്നു.

കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ചോര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ഘടകകക്ഷിയും രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയാണ് കോണ്‍ഗ്രസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നഗൂര്‍ എം.പി ഹനുമാന്‍ ബേനിവാള്‍ നയിക്കുന്ന രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയ്ക്ക് മൂന്ന് എം.എല്‍.എമാരാണുള്ളത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ