മുംബൈ: ആറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം “മെര്‍സലി”നെതിരായ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തിനെതിരെ ബി.ജെ.പി. ദീപിക പദുകോണ്‍ നായികയാവുന്ന പത്മാവതിയുടെ റിലീസ് താല്‍ക്കാലികമായി തടയണമെന്ന് ബി.ജെ.പി ഗുജറാത്ത് നേതൃത്വം ആവശ്യപ്പെട്ടു.
ക്ഷത്രീയ വംശത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന ചിത്രമെന്ന് ആരോപിച്ചാണ് ചിത്രത്തിന്റെ റിലീസിനെതിരെ ബി.ജെ.പി രംഗത്തെത്തിയത്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് അനാവശ്യമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ റിലീസ് തടഞ്ഞുവെക്കണമെന്ന് ബി.ജെ.പി ഗുജറാത്ത് ഉപാധ്യക്ഷന്‍ ഐ.കെ ജഡേജയാണ് ആവശ്യപ്പെട്ടത്.
ചിത്രത്തിന്റെ റിലീസ് താല്‍ക്കാലികമായി തടഞ്ഞ് വയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും സെന്‍സര്‍ ബോര്‍ഡിനും കത്തയക്കാന്‍ ഒരുങ്ങുകയാണെന്ന് ജഡേജ പറഞ്ഞു. ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് രജപുത്ര വിഭാഗം നേതാക്കള്‍ക്കുവേണ്ടി പ്രത്യേക പ്രദര്‍ശനം നടത്തണമെന്നും ക്ഷത്രിയ വിഭാഗക്കാരന്‍ കൂടിയായ ജഡേജ ആവശ്യപ്പെട്ടു.
ചിത്രത്തെക്കുറിച്ച് രജപുത്രര്‍ക്കുള്ള ആശങ്ക മാറ്റാന്‍ ഇത് സഹായകരമാകുമെന്നാണ് ജഡേജ പറയുന്നത്. ചിത്രീകരണം ആരംഭിച്ചത് മുതല്‍ സംഘപരിവാര ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയായ ചിത്രമാണ് ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും ഒന്നിക്കുന്ന പത്മാവതി.
നേരത്തെ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ ചിത്രീകരണത്തിനിടെ സെറ്റ് അഗ്നിക്കിരയാക്കിയിരുന്നു. 14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടെയും കഥയാണ് ചിത്രം പറയുന്നത്. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.