കോണ്‍ഗ്രസിനെക്കാള്‍ ഒരു മുഴം മുന്നേയെറിയാന്‍ ബി.ജെ.പി; ഗോവ പിടിക്കാന്‍ എന്തും ചെയ്യും, തന്ത്രങ്ങള്‍ മെനഞ്ഞ് നേതൃത്വം
2022 Goa Legislative Assembly election
കോണ്‍ഗ്രസിനെക്കാള്‍ ഒരു മുഴം മുന്നേയെറിയാന്‍ ബി.ജെ.പി; ഗോവ പിടിക്കാന്‍ എന്തും ചെയ്യും, തന്ത്രങ്ങള്‍ മെനഞ്ഞ് നേതൃത്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th March 2022, 12:43 pm

പനാജി: സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരാനിരിക്കെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതിനോടകം തന്നെ തങ്ങളുടെ പഴയ സഖ്യകക്ഷിയായ മാഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടി (എം.ജി.പി)യുമായും സ്വതന്ത്രരുമായും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറയുന്നത്.

40 നിയമസഭാ മണ്ഡലങ്ങളാണ് ഗോവയിലുള്ളത്. ഭരണം പിടിക്കാന്‍ 21 സീറ്റുകളാണ് ഒരു പാര്‍ട്ടിക്ക്/ മുന്നണിക്കാവശ്യമായിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഒരു പാര്‍ട്ടിക്കും കേവലഭൂരിപക്ഷം പ്രവചിക്കുന്നില്ല.

‘തെരഞ്ഞെടുപ്പില്‍ 22 സീറ്റുകള്‍ നേടുമെന്ന ശുഭാപ്തിവിശ്വാസമാണ് പാര്‍ട്ടിക്കുള്ളത്. അഥവാ പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ എം.ജി.പിയുടെയും സ്വതന്ത്രരുടെയും പിന്തുണ തേടും,’ സാവന്ത് പി.ടി.ഐയോട് പറഞ്ഞു.

ബി.ജി.പി കേന്ദ്ര നേതൃത്വം എം.ജി.പിയുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു.

എം.ജെ.പി ഇത്തവണ മമത ബാനര്‍ജിയുടെ തൃണമൂലുമായി സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

2017 ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13 സീറ്റുകളായിരുന്നു ബി.ജെ.പിക്ക് ലഭിച്ചത്. 17 സീറ്റുകളുമായി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ബി.ജെ.പി സ്വതന്ത്രന്‍മാരെ കൂട്ടുപിടിക്കുകയും കോണ്‍ഗ്രസിന്റെ നേതാക്കളെ മറുകണ്ടം ചാടിക്കുകയും ചെയ്ത് ഭരണം പിടിച്ചടക്കുകയായിരുന്നു.

അതേസമയം, കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ 17 സീറ്റുകളുണ്ടായിരുന്നത് പോകെ പോകെ അത് രണ്ടായി ചുരുങ്ങുകയായിരുന്നു.

അതേസമയം, ബി.ജെ.പിയുടെ തന്ത്രങ്ങള്‍ ശരിക്കുമറിയാവുന്ന ബി.ജെ.പി റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് കളം മാറ്റിയിരിക്കുകയാണ്. തങ്ങളുടെ എം.എല്‍.എമാരെ ‘സുരക്ഷിത സ്ഥാനത്തേക്ക്’ മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദിനേഷ് ഗുണ്ടു റാവു അടക്കമുള്ള നേതാക്കള്‍ ഗോവയില്‍ ക്യാമ്പ് ചെയ്യുകയാണ്.

‘ഇത്തവണ തീരുമാനങ്ങള്‍ പെട്ടന്ന് തന്നെ എടുക്കും. ഞങ്ങള്‍ എല്ലാ സ്ഥാനാര്‍ത്ഥികളെയും ചെന്ന് കാണുകയും അവര്‍ ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടാത്ത സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഞങ്ങളുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി എത്തുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെ ഒരു സാഹചര്യം ഉടലെടുത്താല്‍ എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും,’ ഗുണ്ടു റാവു പറഞ്ഞു.

സംസ്ഥാനത്ത് നിന്നും ബി.ജെ.പിയെ താഴെയിറക്കാന്‍ മറ്റുപാര്‍ട്ടികളും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി സഖ്യത്തിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയും മറ്റ് സ്വതന്ത്രസ്ഥാനാര്‍ത്ഥികളും ഫലം വന്നതിന് ശേഷം പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും റാവു കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥകള്‍ വിലയിരുത്താനും പോസ്റ്റ് പോള്‍ തന്ത്രങ്ങള്‍ മെനയാനും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ഗോവയിലെത്തിയിരുന്നു.

‘ഞങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്. അഥവാ ചെറിയ സീറ്റുകള്‍ക്ക് ഭൂരിപക്ഷം നഷ്ടമാവുകയാണെങ്കില്‍ ബി.ജെ.പി ഇതര പാര്‍ട്ടിയുമായി കൈകോര്‍ക്കാനും ഞങ്ങള്‍ തയ്യാറാണ്,’ ഗോവ കോണ്‍ഗ്രസ് അധ്യക്ഷനായ ഗിരീഷ് ചൗദാങ്കര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ഇതേ സ്ഥിതിവിശേഷം ഉത്തരാഖണ്ഡിലുമുണ്ടാവുകയാണെങ്കില്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെയാണ് എം.എല്‍.എമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായി നിയോഗിച്ചിരിക്കുന്നത്.

Content highlight: BJP seeks alliance with MGP to retain power in Goa