| Monday, 8th August 2022, 9:02 am

കാസര്‍ഗോട്ടെ ബി.ജെ.പി വിഭാഗീയത; ആര്‍.എസ്.എസ് മധ്യസ്ഥയോഗത്തിലും രക്ഷയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: കാസര്‍ഗോട്ടെ ബി.ജെ.പിയില്‍ വിഭാഗീയത പരിഹരിക്കാന്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ വിളിച്ച മധ്യസ്ഥയോഗത്തിലും നിലപാട് കടുപ്പിച്ച് വിമതപക്ഷം.

സംസ്ഥാന നേതാക്കള്‍ക്കെതിരെ വിമതപക്ഷം രംഗത്ത് വന്നതിനെത്തുടര്‍ന്നാണ് പ്രശ്‌നപരിഹാരത്തിന് ആര്‍.എസ്.എസ് നേതൃത്വം നിര്‍ബന്ധിതമായത്. പത്തുദിവസമെന്ന സമയപരിധിയാണ് പ്രശ്‌ന പരിഹാരത്തിന് ആര്‍.എസ്.എസ് നിര്‍ദേശിച്ചത്. എന്നാല്‍ കൃത്യമായ സമയപരിധി പറയാതെ പിന്നോട്ടില്ലെന്ന നിലപാട് വിമതര്‍ ആവര്‍ത്തിച്ചതില്‍ ആര്‍.എസ്.എസ് നേതാക്കള്‍ യോഗത്തില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

കാസര്‍ഗോഡ് നഗരസഭ കൗണ്‍സിലര്‍ പി. രമേശന്‍, മുന്‍ കൗണ്‍സിലര്‍ കെ. ശങ്കരന്‍, പാര്‍ട്ടി പൈവളികെ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ലോകേഷ് നൊഡ്ഡ തുടങ്ങിയവരാണ് വിമതപക്ഷത്തിന് നേതൃത്വം നല്‍കുന്നത്. ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹിത്വം രാജിവെച്ച നാല്‍പതിലേറെ നേതാക്കളും ഇവര്‍ക്കൊപ്പമുണ്ട്.

ആര്‍.എസ്.എസ് കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ വിമതപക്ഷത്തുനിന്ന് അഞ്ച് പ്രതിനിധികളെയാണ് ചര്‍ച്ചക്കു വിളിച്ചത്. ഇരുവിഭാഗത്തെയും പ്രതിനിധികളുമായി വെവ്വേറെയായിരുന്നു ചര്‍ച്ച. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി എം. ഗണേഷ് തുടങ്ങിയവര്‍ യോഗത്തിനെത്തി. ഇരുവിഭാഗം പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യോഗം രാവിലെ മുതല്‍ വൈകീട്ടുവരെ നീണ്ടു.

പത്ത് ദിവസത്തിനകം കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് വിമതരുടെ തീരുമാനം. സംസ്ഥാന പ്രസിഡന്റിന്റെ അടുത്തയാള്‍ എന്ന നിലക്ക് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാവാനുള്ള സാധ്യതയില്ലെന്നും പ്രാദേശിക നേതാക്കളുടെ തലയിലിടാനാണ് ശ്രമം നടക്കുന്നതെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇത് സംസ്ഥാന നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണെന്നാണ് ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

അതേസമയം പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകര്‍ വീണ്ടും ഉപരോധിച്ചിരുന്നു. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസാണ് സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി. മണികണ്ഠ റൈ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്.

സംസ്ഥാനത്ത് ഒരിടത്തുമില്ലാത്ത പ്രതിസന്ധിയാണ്, ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നുകൂടിയായ കാസര്‍ഗോട്ട് ഉടലെടുത്തത്. ജില്ല കമ്മിറ്റി ഓഫിസ് രണ്ടുതവണയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. നേതാക്കളുടെ ഫോട്ടോയുള്ള ബാനറില്‍ ചെരിപ്പുമാല അണിയിച്ചുള്ള പ്രതിഷേധവും ജില്ലയില്‍ അരങ്ങേറിയിരുന്നു. ആര്‍.എസ്.എസിന്റെ കേരള-കര്‍ണാടക നേതാക്കള്‍ ഇടപെട്ടാണ് മധ്യസ്ഥശ്രമം നടക്കുന്നത്.

കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സി.പി.ഐ.എം- ബി.ജെ.പി കൂട്ടുകെട്ടിനെതിരെയാണ് പ്രവര്‍ത്തകര്‍ പ്രധാനമായും പ്രതിഷേധം നടത്തുന്നത്.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പങ്കുള്ള സി.പി.ഐ.എം നേതാവിനെ കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാക്കിയത് ബി.ജെ.പി നേതാക്കളായ കെ. ശ്രീകാന്ത്, സുരേഷ് കുമാര്‍ ഷെട്ടി, മണികണ്ഠ റൈ എന്നിവരാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം.

ഇക്കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കാസര്‍ഗോഡ് വന്‍ തിരിച്ചടിയാണുണ്ടായത്. സിറ്റിങ് സീറ്റ് നഷ്ടമായ ബി.ജെ.പി ഒരിടത്ത് മാത്രമാണ് ജയിച്ചത്.

കുമ്പള ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡായ പേര്‍വാടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫാണ് വിജയിച്ചത്. ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് സി.പി.ഐ.എം അംഗമായ എസ്. കൊഗ്ഗു രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. സി.പി.ഐ.എം-ബി.ജെ.പി ബന്ധത്തെ എതിര്‍ത്തിരുന്ന മുരളീധര യാദവയെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.

61 വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 179 വോട്ടുകളാണ് ഈ വാര്‍ഡില്‍ ബി.ജെ.പിക്ക് ലഭിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 80 വോട്ട് കൂടി 675 വോട്ടാണ് സി.പി.ഐ.എമ്മിന് ഇവിടെ ലഭിച്ചത്

Content Highlight: BJP Sectionalism in Kasaragod; RSS mediation meeting didn’t work

We use cookies to give you the best possible experience. Learn more