| Saturday, 9th March 2024, 6:34 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും; ആന്ധ്രയില്‍ ബി.ജെ.പിയുമായി കൈകോര്‍ത്ത് ടി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ തെലു​ങ്കുദേശം  പാര്‍ട്ടിയും ജനസേനാ പാര്‍ട്ടിയും ബി.ജെ.പിയും ഒരുമിച്ച് മത്സരിക്കും. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്ന് ടി.ഡി.പി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു പറഞ്ഞു.

ടി.ഡി.പിയും ബി.ജെ.പിയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ഒരാഴ്ചയായി വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ സ്ഥിരീകരിച്ച് ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്.

ബി.ജെ.പിയും ടി.ഡി.പിയും ജനസേനയും തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എട്ട് സീറ്റ് വിട്ട് നല്‍കാമെന്ന് ചന്ദ്രബാബു വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ ആന്ധ്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 30 സീറ്റുകള്‍ വിട്ട് നല്‍കാനും ടി.ഡി.പി  തയ്യാറായിട്ടുണ്ട്. ശനിയാഴ്ച നടന്ന രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഒരുമിച്ച് മത്സരിക്കാന്‍ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയിലെത്തിയത്.

25 ലോക്‌സഭാ സീറ്റുകളാണ് ആന്ധ്രയില്‍ ഉള്ളത്. നാലില്‍ കൂടുതല്‍ സീറ്റുകള്‍ ബി.ജെ.പിക്ക് നല്‍കില്ലെന്നാണ് നേരത്തെ ടി.ഡി.പി വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ ടി.ഡി.പി അയവ് വരുത്തുകയായിരുന്നു.

Content Highlight: BJP seals alliance with Chandrababu Naidu’s TDP, Jana Sena for Andhra Pradesh, Lok Sabha polls

We use cookies to give you the best possible experience. Learn more