കോഴിക്കോട്: കോഴിക്കോടും കാസര്‍കോടും തൃശൂരും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തൃശൂര്‍ വാടാനപ്പള്ളിയില്‍ വെച്ചാണ് മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. പ്രദേശത്ത് ബി.ജെ.പി-എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരായ സുജിത്ത് (37), ശ്രീജിത്, രതീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂര്‍ അശ്വനി ആശുപത്രിയിലെത്തിച്ചു. ഏങ്ങണ്ടിയൂരില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനു കുത്തേറ്റു.
കോഴിക്കോട് പ്രകടനം കഴിഞ്ഞു മടങ്ങിയ ബി.ജെ.പി പ്രവര്‍ത്തകനു ചേവായൂരില്‍ വെച്ചാണ് വെട്ടേറ്റത്. അനില്‍കുമാര്‍ അങ്കോത്തിനാണ് (46) വെട്ടേറ്റത്.
കാസര്‍കോട് ബൈക്കിലെത്തിയ സംഘം ബി.ജെ.പി നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുന്‍ ബി.ജെ.പി കൗണ്‍സിലര്‍ ഗണേഷ് പാറക്കട്ട(59)നാണ് കൈയ്ക്കു കുത്തേറ്റത്. കാസര്‍കോടിനടുത്ത് നുള്ളിപ്പാടി പെട്രോള്‍ പമ്പിനു സമീപം നില്‍ക്കുകയായിരുന്ന ഗണേഷിനെ ബൈക്കിലെത്തിയവര്‍ ആക്രമിക്കുകയായിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി.
കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലും സമീപ പ്രദേശങ്ങളിലും വ്യാപക അക്രമം നടക്കുകയാണ്. ബന്ദിയോട്, ഉപ്പള തുടങ്ങിയ സ്ഥലങ്ങളിലും അക്രമം രൂക്ഷമാണ്. ബന്ദിയോട് 25ല്‍ പരം കടകള്‍ തകര്‍ത്തു. അഞ്ചു പേര്‍ക്ക് പരിക്കുണ്ട്. ഇവരെ മംഗളൂരു ആശുപത്രിയിലേക്കു മാറ്റി. ഒട്ടേറെ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. മഞ്ചേശ്വരം സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് കല്ലെറിഞ്ഞു തകര്‍ത്തു.
അതേസമയം, തിരുവനന്തപുരം മലയന്‍കീഴില്‍ സംഘപരിവാര്‍ ആക്രമണം നടത്തുകയാണ്. വനിതാ മതിലില്‍ പങ്കെടുത്ത ഒരു സ്ത്രീയുടെ വീടിനു നേരെ സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് സി.പി.ഐ.എമ്മും ബി.ജെ.പി-ആര്‍.എസ്.എസ് സംഘടനകളും തമ്മിലാണ് സംഘര്‍ഷം നടക്കുന്നത്.
സംഘപരിവാര്‍ പ്രവര്‍ത്തകള്‍ ടവ്വലു കൊണ്ട് മുഖം മറച്ച് പൊലീസിന് നേരെയും സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു നേരെയും കല്ലും കുപ്പയും എറിയുകയും വടികൊണ്ട് മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. ആക്രമത്തില്‍ പൊലീസുകാര്‍ക്ക് പരിക്കുണ്ട്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘപരിവാര്‍ ബോംബെറിഞ്ഞു. പൊലീസുകാര്‍ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകള്‍ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികള്‍ എറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്.
ഫോട്ടോ കടപ്പാട്: മലയാള മനോരമ