| Tuesday, 30th July 2019, 6:35 pm

ന്യൂനപക്ഷങ്ങളെ അംഗീകരിക്കാത്തവര്‍ എങ്ങനെ ടിപ്പു ജയന്തി ആഘോഷിക്കും; പ്രതികരണവുമായി സിദ്ധരാമയ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ന്യൂനപക്ഷങ്ങളോട് വിരോധമുള്ളതുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം നിരോധിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ടിപ്പുവിനെ സ്വാതന്ത്ര്യസമരസേനാനിയെന്ന നിലയിലാണ് തങ്ങള്‍ കാണുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

‘ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടങ്ങുക മാത്രമെ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ. കര്‍ണാടകയിലെ ജനങ്ങള്‍ അത് ഏറ്റെടുത്തു. കാരണം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ആളാണ് ടിപ്പു. എന്നെ സംബന്ധിച്ച അദ്ദേഹമാണ് രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യസമരസേനാനി.’

ബി.ജെ.പി സര്‍ക്കാര്‍ മതേതര സ്വഭാവങ്ങള്‍ കാത്തുസൂക്ഷിക്കില്ലെന്നതിന്റെ ഉദാഹരണമാണ് ടിപ്പു ജയന്തി നിരോധനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹം ഒരു ചരിത്രപുരുഷനായത് കൊണ്ടാണ് ഞങ്ങള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കണമെന്ന് തീരുമാനിച്ചത്. ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളയാളാണ് ടിപ്പു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരാണ് ബി.ജെ.പി. അതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നത്.’

മൈസൂരു നഗരത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ടിപ്പുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ് കെ.ആര്‍.എസ് ഡാം നിര്‍മ്മിച്ചതെന്നും കൃഷി, വ്യവസായം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ടിപ്പു അതീവശ്രദ്ധ പുലര്‍ത്തിയിരുന്നെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.

ഉടന്‍ പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കന്നഡ സാംസ്‌കാരിക വകുപ്പ് വ്യക്തമാക്കി. ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് കെ.ജി ബൊപ്പയ്യ തിങ്കളാഴ്ച യെദിയൂരപ്പയ്ക്കു നല്‍കിയ കത്ത് പരിഗണിച്ചാണു തീരുമാനം.

2015-ല്‍ കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കു കര്‍ണാടകത്തില്‍ തുടക്കമിട്ടത്. ഇത് കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരും തുടര്‍ന്നു.

എന്നാല്‍ ഈ സമയമൊക്കെയും ആഘോഷത്തിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിലായിരുന്നു. മൈസൂരില്‍ നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്ത ഭരണാധികാരിയാണ് ടിപ്പു സുല്‍ത്താനെന്നും നിരവധി ഹിന്ദുക്കളെ മതപരിവര്‍ത്തനത്തിനു വിധേയനാക്കിയ ടിപ്പുവിന്റെ ജയന്തി സര്‍ക്കാര്‍ ആഘോഷിക്കുന്നതു നിര്‍ത്തണമെന്നുമായിരുന്നു സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more