| Tuesday, 17th November 2020, 11:43 am

ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന് ബി.ജെ.പി, കലാപഭൂമിയാക്കാനാകും ഉദ്ദേശമെന്ന് തൃണമൂല്‍ നേതാവ്; പോര് മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. ബി.ജെ.പി അധികാരത്തിലേറിയാല്‍ ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ പ്രസ്താവനയാണ് പുതിയ പോരിന് തുടക്കംകുറിച്ചത്.

ഗുജറാത്ത് ആക്കുമെന്നതിലൂടെ കലാപമുണ്ടാക്കുമെന്നാകും ഘോഷ് ഉദ്ദേശിച്ചതെന്ന മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഫിര്‍ഹാസ് ഹക്കിം രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്‌പോര് കൂടുതല്‍ മുറുകിയത്.

ബിമന്‍ ബോസ്, ബുദ്ധദേബ് ഭട്ടാചാര്യ, തുടങ്ങിയനേതാക്കള്‍ ആളുകളെ ഡോക്ടര്‍മാരോ എന്‍ജീനിയര്‍മാരോ ആക്കാനല്ല ശ്രമിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി തേടിപോകുന്ന കുടിയേറ്റ തൊഴിലാളികളായി ജനങ്ങളെ മാറ്റി. അവരില്‍ ഭൂരിഭാഗം പേരും ഗുജറാത്തിലേക്കാണ് ജോലി തേടിയെത്തിയത്. അധികാരം ലഭിച്ചാല്‍ ബംഗാളിനെയും ഗുജറാത്ത് ആക്കി മാറ്റണം. ബംഗാളിനെ ഗുജറാത്താക്കുമെന്ന ബി.ജെ.പിയുടെ അഭിപ്രായത്തിനെതിരെ സ്ഥിരം വിമര്‍ശനവുമായി എത്തുന്നയാളാണ് മമത ബാനര്‍ജി. എന്നാല്‍ ഒരിക്കല്‍ കൂടി പറയുന്നു. ബംഗാളിനെ ഗുജറാത്താക്കും. നമ്മുടെ ജനങ്ങള്‍ക്ക് ജോലിയ്ക്കായി ഗുജറാത്തിലേക്ക് പോകേണ്ട അവസ്ഥയുണ്ടാക്കില്ല, എന്നായിരുന്നു ഘോഷിന്റെ പ്രസ്താവന.

ഇതിന് ഫിര്‍ഹാസ് ഹക്കിം നല്‍കിയ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

2000-ലധികം പേരാണ് 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ മരിച്ചത്. നിങ്ങള്‍ ബംഗാളിനെ ഗുജറാത്ത് ആക്കുമെന്ന് പറയുമ്പോള്‍ ഇവിടം ഒരു കലാപഭൂമിയാകുമോ എന്ന ഭയം ജനങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ക്ക് ഇവിടം ബംഗാളായി തന്നെ നിലനിര്‍ത്താനാണ് ആഗ്രഹം. ടാഗോറിന്റെയും നസ്‌റുലിന്റെയും നാടാണിത്. സംസ്ഥാനത്തിന്റെ സാംസ്‌കാരികത്തനിമ നിലനിര്‍ത്തണോ അതോ ഗുജറാത്തിനെപോലെ കലാപഭൂമിയാക്കണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ, ഹക്കിം പറഞ്ഞു.

നേരത്തെ പശ്ചിമ ബംഗാളിലെ സ്ഥിതി കശ്മീരിനെക്കാള്‍ ഗുരുതരമാണെന്ന ആരോപണവുമായി രംഗത്തെത്തിയ ബി.ജെ.പി നേതാവ് കൂടിയാണ് ദിലീപ് ഘോഷ്.

കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ആരോപണവുമായി ഘോഷ് രംഗത്തെത്തിയത്.

അതേസമയം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കെതിരെയും ഘോഷ് ഗുരുതര ആരോപണമാണ് ഉന്നയിച്ചത്. അലിപര്‍ദാര്‍ ജില്ലയിലെ റോഹിങ്ക്യന്‍ കേന്ദ്രം സന്ദര്‍ശിച്ച തന്നെ അന്തേവാസികള്‍ മര്‍ദിച്ചതായും ആ വീഡിയോ കണ്ടാല്‍ അവര്‍ ബംഗാളികളല്ലെന്ന് മനസിലാവുമെന്നും ഘോഷ് പറഞ്ഞു.

രാജ്യത്തിന് പുറത്തു നിന്നുള്ള ഇവരാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ് ആരോപിച്ചു.

നേരത്തെ , മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടുക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്നും ഘോഷ് പറഞ്ഞിരുന്നു.

അതേസമയം പശ്ചിമബംഗാളില്‍ രാഷ്ട്രപതിഭരണം വേണമെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. മമത ഭരിക്കുമ്പോള്‍ നീതിയുക്തമായൊരു തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി വിജയവര്‍ഗിയ ആരോപിച്ചിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വര്‍ഗിയയുടെ ആരോപണം.

ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും ബി.ജെ.പിയെ വിജയിപ്പിക്കുന്നതിലൂടെ അക്രമരാഷ്ട്രീയം തടയാമെന്നുമാണ് വര്‍ഗിയയുടെ അവകാശം വാദം.

അതേസമയം അടുത്ത വര്‍ഷം ആദ്യം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സംസ്ഥാനത്തെ പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ ബി.ജെ.പി മെനഞ്ഞുതുടങ്ങിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Conflict Between Trinamool And BJP In West Bengal

We use cookies to give you the best possible experience. Learn more