കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് ജയ് ശ്രീറാം എന്നെഴുതിയ പത്തുലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് ബി.ജെ.പി.
പോസ്റ്റ് കാര്‍ഡുകള്‍ മമത ബാനര്‍ജിയുടെ വസതിയിലേക്ക് അയക്കുമെന്ന് ബി.ജെ.പി നേതാവ് അര്‍ജുന്‍ സിങ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്‍പ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന നേതാവാണ് അര്‍ജുന്‍ സിങ്.
കഴിഞ്ഞ ദിവസം ജയ് ശ്രീറാം വിളികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ മമതയുടെ വാഹനം തടഞ്ഞിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങി പ്രതിഷേധക്കാരെ നേരിട്ട മമത ബാനര്‍ജി പിന്നീട് അറസ്റ്റിനും നിര്‍ദേശം നല്‍കി.
‘ഇവരൊക്കെയും പുറത്തുള്ളവരും ബി.ജെ.പി പ്രവര്‍ത്തകരുമാണ്. അവരെല്ലാം ക്രിമിനലുകളാണ്. അവര്‍ ബംഗാളില്‍ ഉള്ളവരല്ല’ എന്ന് പറഞ്ഞായിരുന്നു മമത പ്രവര്‍ത്തകരെ പ്രതിരോധിച്ചത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നില്ലെന്ന മമതാ ബാനര്‍ജിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു.
മമതാ ബാനര്‍ജി ചടങ്ങ് ബഹിഷ്‌ക്കരിച്ചത് പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ മുഖത്തേക്ക് നോക്കാന്‍ കഴിയാത്തതിനാലാണെന്നായിരുന്നു ദിലീപ് ഗോഷിന്റെ വിമര്‍ശനം.
കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ കുടുംബത്തെ സത്യപ്രതിജ്ഞക്ക് ഷണിച്ചതിന് ശേഷമാണ് മമത പിന്‍മാറിയതെന്നും ദിലീപ് വിമര്‍ശിച്ചിരുന്നു.