| Thursday, 13th June 2024, 1:47 pm

ഏകസിവില്‍കോഡ് സംബന്ധിച്ച ഏത് തീരുമാനവും സമവായത്തിലൂടെ ആയിരിക്കണം: ജെ.ഡി.യു ദേശീയ വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഏകസിവില്‍കോഡ് സംബന്ധിച്ച ഏത് തീരുമാനവും സമവായത്തിലൂടെ ആയിരിക്കണമെന്ന് ജെ.ഡി.യു ദേശീയ വക്താവ് കെ.സി. ത്യാഗി. ഏകസിവില്‍കോഡ് ഇപ്പോഴും പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അര്‍ജുന്‍ റാം മേഘ്‌വാൾ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ത്യാഗിയുടെ പരാമര്‍ശം.

ഏക സിവില്‍ കോഡ് പോലുള്ള നയപരമായ തീരുമാനങ്ങള്‍ ബി.ജെ.പിക്ക് ഏകപക്ഷീയമായി എടുക്കാന്‍ കഴിയില്ലെന്നും മറ്റ് എന്‍.ഡി.എ സഖ്യകക്ഷികളുമായി കൂടിയാലോചിക്കണ്ട കാര്യമാണെന്നുമാണ് ത്യാഗി പറഞ്ഞത്. എന്‍.ഡി.എയുടെ പ്രധാന സഖ്യ കക്ഷിയാണ് ജെ.ഡി.യു.

‘ഞങ്ങള്‍ ഏകസിവില്‍കോഡിന് എതിരല്ല, എന്നാല്‍ വിഷയങ്ങള്‍ സമവായത്തിലൂടെ ആയിരിക്കണം മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നാണ് അഭിപ്രായം,’ ത്യാഗി പറഞ്ഞു.

എന്‍.ഡി.എയിലെ മറ്റൊരു പ്രധാന സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയും ഏകസിവില്‍കോഡ് വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഏകസിവില്‍കോഡ് നടപ്പാക്കുന്നത് പാര്‍ട്ടിയുടെ അജണ്ടയായി ബി.ജെ.പി യുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ട്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍, പൗരന്മാര്‍ക്ക് അവരുടെ മതം പരിഗണിക്കാതെ വ്യക്തിഗത നിയമങ്ങള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള നിര്‍ദ്ദേശമാണ് ഏകസിവില്‍കോഡ്

2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 14% വരുന്ന ന്യൂനപക്ഷ സമുദായങ്ങളുടെ, പ്രത്യേകിച്ച് മുസ്‌ലിങ്ങളുടെ വ്യക്തിനിയമങ്ങളെ ഇല്ലാതാക്കാന്‍ ഈ കോഡ് ഇടയാക്കുമെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

Content Highlight: BJP says UCC still on agenda, ally JD (U) reminds that any decision must come through consensus

We use cookies to give you the best possible experience. Learn more