പാലക്കാട്: എലപ്പുളിയില്‍ സുബൈറിനെ പട്ടാപകല്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി പാലക്കാട് ജില്ലാ കമ്മിറ്റി. ബി.ജെ.പിക്കോ സംഘപരിവാറിനോ കൊലയില്‍ പങ്കില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും ബി.ജെ.പി ജില്ലാ കമ്മിറ്റി പ്രതികരിച്ചു. കൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ പ്രതികരണം.
കൊലയാളി സംഘത്തില്‍ നാലുപേരായിരുന്നു ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്നവര്‍ മുഖംമൂടി ധരിച്ചിരുന്നുവെന്ന് സാക്ഷികള്‍ പറഞ്ഞതായും ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചുപേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.
കൊലപാതക ശേഷം കൊഴിഞ്ഞമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നത്. അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് പോയതായാണ് സൂചന. സംസ്ഥാനാത്താകെ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊലപാതകങ്ങള്‍ തുടര്‍കഥയായതിന് പിന്നാലെയാണ് പൊലീസിന്റെ നിര്‍ദേശം. എല്ലാ ജില്ലകളിലേയും ഡി.ജി.പിമാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ അക്രമി സംഘം ഉപേക്ഷിച്ച കാര്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ട് കാറിലെത്തിയ സംഘം ഒരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.
കെ.എല്‍ 11 എ.ആര്‍ 641 എന്ന നമ്പറില്‍പ്പെട്ട കാറാണ് ഉപേക്ഷിക്കപ്പെട്ടത്. ഈ കാര്‍ നവംബറില്‍ കൊല്ലപ്പെട്ട
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഈ കാര്‍ കൊലയാളി സംഘം കുത്തിയതോട് തന്നെ ഉപേക്ഷിച്ചിരുന്നു. ഇതിപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സുബൈര്‍ പള്ളിയില്‍ ഇറങ്ങി വീട്ടിലേക്കുള്ള യാത്ര മധ്യേയായിരുന്നു കൊലപാതകം നടന്നത്. വെട്ടേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈര്‍ എസ്.ഡി.പി.ഐ പ്രാദേശിക പ്രവര്‍ത്തകനാണ്. രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: BJP says they have no role in SDPI activists’ murder