നവരാത്രിക്ക് മീന്‍കഴിക്കുന്ന തേജസ്വി ഹിന്ദുക്കളെ അപമാനിച്ചെന്ന് ബി.ജെ.പി; കുറിക്ക് കൊള്ളുന്ന മറുപടിയുമായി തേജസ്വി
national news
നവരാത്രിക്ക് മീന്‍കഴിക്കുന്ന തേജസ്വി ഹിന്ദുക്കളെ അപമാനിച്ചെന്ന് ബി.ജെ.പി; കുറിക്ക് കൊള്ളുന്ന മറുപടിയുമായി തേജസ്വി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2024, 10:05 pm

പാറ്റ്‌ന: തേജസ്വി യാദവ് മീന്‍ കഴിച്ചതാണ് ഇപ്പോള്‍ ബിഹാറിലെ പ്രധാനപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളിലൊന്ന്. മീന്‍ കൂട്ടി ഭക്ഷണം കഴിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം തേജസ്വി യാദവ് തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ ബി.ജെ.പി രംഗത്ത് വന്നിരിക്കുന്നു.

നവരാത്രി ദിവസം മീന്‍ കഴിക്കുന്ന തേജസ്വി ഹിന്ദുക്കളെ അപമാനിച്ചു എന്നാണ് ബി.ജെ.പി ഹാന്റിലുകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ നവരാത്രിക്ക് തലേ ദിവസമാണ് താന്‍ മീന്‍ കഴിച്ചതെന്നും അത് തീയതി സഹിതം ആ വീഡിയോക്കൊപ്പം പങ്കുവെച്ചിരുന്നെന്നും തേജസ്വി മറുപടി നല്‍കുന്നു. ബി.ജെ.പിക്കാര്‍ക്കും അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന മാധ്യമങ്ങള്‍ക്കും ബുദ്ധിയുണ്ടോ എന്ന് പരീക്ഷിക്കുകയായിരുന്നു താനെന്നും തേജസ്വി യാദവ് മറുപടി പറയുന്നു.

ഏപ്രില്‍ 9ന് രാവിലെയാണ് തേജസ്വി യാദവ് മീന്‍ കഴിക്കുന്ന വീഡിയോ തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. വികാശ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍ മുകേഷ് സാഹ്നിയോടൊപ്പം മത്സ്യത്തൊഴിലാളി മേഖലകളില്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് തേജസ്വി പങ്കുവെച്ചത്.

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നിര്‍ണായക സ്വാധീനമുള്ള പാര്‍ട്ടിയാണ് വികാശ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി. ആര്‍.ജെ.ഡിയോടൊപ്പം സഖ്യമായാണ് ഇത്തവണ ഈ പാര്‍ട്ടി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടിനെ ഹെലികോപ്റ്ററില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നു എന്ന് തിയതി ഉള്‍പ്പെടെയാണ് തേജസ്വി പോസ്റ്റ് ചെയ്തത്. എട്ടാം തീയതിയിലെ വീഡിയോ ആണിതെന്ന് പ്രത്യേകം കുറിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ആണ് ഇപ്പോള്‍ ബി.ജെ.പി കേന്ദ്രങ്ങല്‍ തേജസ്വിക്കെതിരായ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

വടക്കേ ഇന്ത്യയില്‍ ജനങ്ങള്‍ നവരാത്രി ആഘോഷിക്കുന്ന ഈ സമയത്ത് മീന്‍ കഴിക്കുന്ന തേജസ്വി യാദവ് ഹിന്ദുക്കളെ അപമാനിക്കുകയാണ് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. സമയായസമയങ്ങളില്‍ നിറം മാറുന്ന സനാതനിയാണ് തേജസ്വിയെന്നും പ്രീണന രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്നും ബി.ജെ.പി ആരോപിച്ചു.

ഇതിന് മറുപടിയുമായി തേജസ്വി യാദവും രംഗത്തെത്തി. ബി.ജെ.പി നേതാക്കളുടെയും അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന മാധ്യമങ്ങളുടെയും ബുദ്ധി പരീക്ഷിക്കുകയായിരുന്നു താനെന്ന് തേജസ്വി പറഞ്ഞു. നവരാത്രിക്ക് മുമ്പുള്ള ദിവസമാണ് താന്‍ മീന്‍ കഴിച്ചതെന്നും അത് വീഡിയോയില്‍ തന്നെ വ്യക്തമാക്കിയതാണെന്നും തേജസ്വി പറഞ്ഞു. തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭയക്കുന്ന ബി.ജെ.പി അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും തേജസ്വി പറഞ്ഞു.

content highlights: BJP says that Tejashwi insulted Hindus who eat fish on Navratri; Tejaswi with a remarkable reply