ന്യൂദല്‍ഹി: ജി.എസ്.ടി നികുതി വര്‍ധനവിനെതിരെ പാലും തൈരും കൊണ്ടുവന്ന് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മൂന്നാം ദിവസവും വിലക്കയറ്റത്തിനെതിരേയും ജി..എസ്.ടി നിരക്ക് വര്‍ധനവിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു.
ലോക്‌സഭയില്‍ സ്പീക്കറുടെ നിര്‍ദേശം അവഗണിച്ച് വിലക്കയറ്റത്തിനെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് എം.പിമാര്‍ സഭാ നടപടികളും തടസ്സപ്പെടുത്തി. അതേസമയം കോണ്‍ഗ്രസിന് ജനാധിപത്യത്തോട് വിനാശകരമായ സമീപനമാണെന്നായിരുന്നു ബി.ജെ.പിയുടെ പരാമര്‍ശം.
‘ജനാധിപത്യത്തോട് വിനാശകരമായ മനോഭാവമാണ് കോണ്‍ഗ്രസിനുള്ളത്. സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതില്‍ കോണ്‍ഗ്രസ് വിജയിച്ചെന്ന് ജയറാം രമേശിന്റെ ട്വീറ്റില്‍ നിന്ന് വെളിപ്പെട്ടു,’ രാജ്യസഭയിലെ സഭാനേതാവ് പിയുഷ് ഗോയല്‍ പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളെ ഏറ്റവും രൂക്ഷമായി തടസ്സപ്പെടുത്തുന്നത് ആരെന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ മത്സരം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചര്‍ച്ചയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയുടെ ജി.എസ്.ടി നിരക്ക് വര്‍ധനവില്‍ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം രാജസ്ഥാനിലെ മന്ത്രിയായ
പ്രതാപ് ഖചാരിയവാസ് രംഗത്തെത്തിയിരുന്നു.
ഇന്ത്യയില്‍ നികുതി നല്‍കേണ്ടതില്ലാത്ത എന്തെങ്കിലുമൊന്നുണ്ടെങ്കില്‍ അത് മതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജി.എസ്.ടി നിരക്ക് ഉയര്‍ത്തുന്നതിലൂടെ ബി.ജെ.പി സാധാരണക്കാരന്റെ ജീവിതത്തിലേക്ക് അമിത ഭാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് എല്ലാത്തിനും ജി.എസ്.ടിയായി. ഇങ്ങനെ നോക്കുമ്പോള്‍ രാജ്യത്ത് ജി.എസ്.ടി ഇല്ലാത്ത ഒരേയൊരു സാധനം മതമാണ്. കാരണം ബി.ജെ.പിക്ക് ജനങ്ങള തമ്മില്‍ ഭിന്നിപ്പിക്കണമെങ്കില്‍ അവര്‍ക്ക് മതം ആവശ്യമാണ്. അത് വെച്ചല്ലേ അവര്‍ക്ക് വോട്ട് കിട്ടുന്നതും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു വശത്ത് വിലക്കയറ്റം ഇന്ത്യയിലെ പൗരന്മാരുടെ നട്ടെല്ലൊടിക്കുകയാണ്, മറുവശത്ത് കേന്ദ്ര സര്‍ക്കാര്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള ജി.എസ്.ടി നിരക്ക് ഉയര്‍ത്തി സാധാരണക്കാരനെ വീണ്ടും പ്രയാസപ്പെടുത്തുകയാണ് എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രതികരണം. ജി.എസ്.ടി പിന്‍വലിക്കണമെന്നും പദ്ധതി തെറ്റാണെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു.
ഛണ്ഡീഗഡില്‍ കഴിഞ്ഞ മാസം നടന്ന രണ്ട് ദിവസത്തെ ജി.എസ്.ടി കൗണ്‍സിലിന്റെ 47-ാമത് യോഗത്തിലാണ് ജി.എസ്.ടി നിരക്കുകള്‍ പരിഷ്‌കരിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. മൈദ, പാല്‍, തൈര്, പനീര്‍ തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും, അരി ഗോതമ്പ് എന്നിവ ഉള്‍പ്പെടെ പാക്ക് ചെയ്യാത്തവയും അഞ്ച് ശതമാനമെന്ന നിരക്കിന് കീഴില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തിലായിരുന്നു യോഗം. സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, പ്രതിദിനം ആയിരം രൂപയോ അതില്‍ താഴെയോ ഈടാക്കുന്ന ഹോട്ടലുകള്‍ എന്നിവ 12% എന്ന നിരക്കിന് കീഴില്‍ വരുമെന്നും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
Content Highlight: BJP says that congress has a destructive approach towards democracy