| Wednesday, 12th October 2022, 5:45 pm

നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ മാറ്റിമറിച്ചു; ആമിര്‍ ഖാന്റെ പരസ്യം മതവികാരം വ്രണപ്പെടുത്തിയെന്ന് ബി.ജെ.പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമിര്‍ ഖാന്റെ പുതിയ പരസ്യത്തിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. ആമിര്‍ ഖാനും കിയാര അദ്വാനിയും അഭിനയിച്ച സ്വകാര്യ ബാങ്കിന്റെ പരസ്യത്തിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. മതവികാരം വ്രണപ്പെടുത്തുന്ന പരസ്യങ്ങള്‍ ആമിര്‍ ഖാന്‍ ഒഴിവാക്കണമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

സ്വകാര്യ ബാങ്കിന്റെ പരസ്യത്തില്‍ വിവാഹം കഴിഞ്ഞ നവദമ്പതികളായാണ് ആമിര്‍ ഖാനും കിയാര അദ്വാനിയും എത്തിയിരിക്കുന്നത്. പതിവ് രീതികളെ തെറ്റിച്ച് വധുവിന്റെ വീട്ടിലേക്ക് വരന്‍ താമസിക്കാനെത്തുന്നതായിട്ടാണ് പരസ്യത്തില്‍ കാണിക്കുന്നത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന രീതി മാറ്റണമെന്നാണ് പരസ്യത്തില്‍ പറയുന്നത്.

പരസ്യം പുറത്ത് വന്നതിന് പിന്നാലെ വിമര്‍ശനവുമായി തീവ്രഹിന്ദുത്വ പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നു. പരസ്യത്തിനെതിരെ പരാതിയും ഉയര്‍ന്നിരുന്നു.

ഇന്ത്യയുടെ ആചാരാനുഷ്ഠാനങ്ങള്‍ കൂടി പരിഗണിച്ച് പരസ്യങ്ങള്‍ ചെയ്യണമെന്ന് നരോത്തം മിശ്ര പറഞ്ഞു. ‘പരാതി ലഭിച്ചതിന് ശേഷമാണ് ആമീര്‍ ഖാന്‍ അഭിനയിച്ച സ്വകാര്യ ബാങ്കിന്റെ പരസ്യം ഞാന്‍ കണ്ടത്. അത് ഉചിതമായ ഒന്നാണെന്ന് തോന്നുന്നില്ല.

ഇന്ത്യന്‍ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് അടുത്തിടെയായി കണ്ടുവരുന്നുണ്ട്, പ്രത്യേകിച്ച് ആമിര്‍ ഖാന്റെ അടുത്ത് നിന്നും. ഇത്തരം പ്രവര്‍ത്തികളിലൂടെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ അദ്ദേഹത്തിന് അനുവാദമില്ല,’ മിശ്ര പറഞ്ഞു.

അടുത്തിടെ ഹൃത്വിക് റോഷന്‍ അഭിനയിച്ച സൊമാറ്റോയുടെ പരസ്യവും വിവാദത്തിലായിരുന്നു. പരസ്യം ഹിന്ദു മതവികാരത്തെ വൃണപ്പെടുത്തിയെന്നായിരുന്നു മഹാകാലേശ്വര ക്ഷേത്രത്തിലെ പുരോഹിതര്‍ ആരോപിച്ചത്.

Content Highlight: BJP says that Aamir Khan’s ad has hurt religious sentiments

We use cookies to give you the best possible experience. Learn more