കൊയമ്പത്തൂര്‍: തമിഴ്നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിടനിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ പറഞ്ഞു.
മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഗള്‍ഫ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടിരുന്നത്.
അതേസമയം, ഹിന്ദു മഹാസമ്മേളനത്തിനിടെ പി.സി. ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസംഗത്തിനിടെ ലുലുമാളിനെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. ലുലു മാളില്‍ ഹിന്ദുക്കള്‍ പോകരുതെന്നും മലപ്പുറത്തും കോഴിക്കോടും യൂസഫലി ലുലു മാള്‍ ആരംഭിക്കില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു. ഇത് സംഘപരിവാര്‍ ഏറ്റെടുക്കയും ചെയ്തിരുന്നു.
എന്നാല്‍ യൂസഫലിയുടെ കാര്യത്തില്‍ സംസാരത്തിനിടയില്‍ മനസിലുള്ള ആശയവും സംസാരിച്ചതും രണ്ടായിപ്പോയെന്നാണ് വിശദീകരണം. യൂസഫലി ഒരു വളരെ മാന്യനാണ്. പക്ഷേ മാള്‍ തുടങ്ങിയാല്‍ എല്ലാവരും അവിടെ പോയി സാധനം വാങ്ങും. ചെറുകിടക്കാര്‍ പട്ടിണിയാകും. അതുകൊണ്ട് യൂസഫലിയുടെ സ്ഥാപനത്തില്‍ കയറരുത് സാധാരണക്കാരന്റെ കടയില്‍ കയറി സാധനം വാങ്ങണമെന്ന് പറഞ്ഞു. അത് യൂസഫലിയെ അപമാനിക്കാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് പിന്‍വലിക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞിരുന്നു.
CONTENT HIGHLIGHTS: BJP says Lulu Mall will not be allowed in Tamil Nadu