ഹൈദരാബാദ്: വരും വര്‍ഷങ്ങളില്‍ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും അധികാരം ഉറപ്പിക്കുമെന്ന് വ്യക്തമാക്കി ബി.ജെ.പി. 2024ല്‍ നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു മുന്‍പായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം ശക്തമാക്കുമെന്നും മുഖ്യ പ്രതിപക്ഷമാകുമെന്നും ബി.ജെ.പി പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യ ഒറ്റ കക്ഷിയാകുകയാണ് പ്രധാന ലക്ഷ്യമെന്നും അതിന് ശേഷം ഭരണം പിടിച്ചടക്കുമെന്നുമാണ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കിയത്.
ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയുടെ ആദ്യ ലക്ഷം തെലങ്കാനയും തമിഴ്‌നാടുമാണെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാനയിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം മുതലെടുത്ത് ബി.ജെ.പിയെ തെലങ്കാനയിലെ മുഖ്യ പ്രതിപക്ഷമാക്കുകയാണ് പാര്‍ട്ടിയുടെ ആദ്യ നീക്കം.
മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കിയതുപോലെ തെലങ്കാന സര്‍ക്കാരിനെയും അട്ടിമറിക്കുമെന്ന കേന്ദ്ര മന്ത്രിമാരുടെ പ്രഖ്യാപനങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്,
തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടെ ക്ഷീണം ബി.ജെ.പിക്ക് ഉപയോഗപ്രദമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. തുടര്‍ന്ന് സമീപ സംസ്ഥാനമായ കേരളത്തിലും അധികാരത്തിലെത്തുമെന്ന് ബി.ജെ.പി പറഞ്ഞു.
രണ്ട് ദിവസങ്ങളായി ഹൈദരാബാദില്‍ നടന്നുവരുന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍. അമിത് ഷാ ഇത് സംബന്ധിച്ച് യോഗത്തില്‍ പ്രമേയവുമിറക്കിയിരുന്നു.
ആദ്യം മുഖ്യ പ്രതിപക്ഷമാകുക, പിന്നീട് ഭരണം പിടിക്കുക എന്ന മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ബി.ജെ.പിയുടെ തന്ത്രം തന്നെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രയോഗിക്കാനാണ് പാര്‍ട്ടി തീരുമാനം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യോഗം ഹൈദരബാദിലേക്ക് കൊണ്ടുവന്നതെന്നും, ഇതിന് പിന്നിലും ബി.ജെ.പിയുടെ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും വിവിധ ഭാഗങ്ങളില്‍ നിന്നും അഭിപ്രായം ഉയരുന്നുണ്ട്.
അതേസമയം ബി.ജെ.പി എക്‌സിക്യൂട്ട് യോഗം ആരംഭിച്ച ദിവസം മുതല്‍ ബി.ജെ.പിയേയും മോദിയേയും വിമര്‍ശിക്കുന്ന പോസ്റ്ററുകളും ബാനറുകളും ഹൈദരാബാദിലെ മിക്ക പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.
മണി ഹീസ്റ്റ് എന്ന സീരീസിലെ കഥാപാത്രങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്ററാണ് ഹൈദരാബാദില്‍ വ്യാപകമായി പ്രചരിച്ചത്. ‘ഞങ്ങള്‍ ബാങ്ക് മാത്രമാണ് കൊള്ളയടിക്കുന്നത് എന്നാല്‍ നിങ്ങള്‍ രാജ്യത്തെ കൊള്ളയടിക്കുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ബൈ ബൈ മോദി എന്ന ഹാഷ്ടാഗും പോസ്റ്ററില്‍ കാണാം.
തെലങ്കാന സര്‍ക്കാരിനെ താഴെയിറക്കുമെന്ന പ്രസ്താവനകള്‍ എത്തിയതോടെ മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു രംഗത്തെത്തിയിരുന്നു.
തെലങ്കാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിച്ചാല്‍ ബി.ജെ.പിയെ തെലങ്കാന രാഷ്ട്ര സമിതി തഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിയിലൂടെ താഴെയിറക്കിയെന്നും അദ്ദേഹം പറഞ്ഞു.
‘മഹാരാഷ്ട്രയിലെ സര്‍ക്കാരിനെ താഴെയിറക്കിയത് പോലെ തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനേയും താഴെയിറക്കുമെന്ന് വിവിധ കേന്ദ്രമന്ത്രിമാര്‍ പറയുന്നത് കേട്ടു. അത് സാരമില്ല, ഞങ്ങളും അതിനായി തന്നെയാണ് കാത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് അതോടെ സ്വതന്ത്രമാകാമല്ലോ. പിന്നെ പതിയെ ഞങ്ങള്‍ ദല്‍ഹിയില്‍ നിന്ന് നിങ്ങളെ (ബി.ജെ.പിയെ) താഴെയിറക്കിക്കോളാം.
പ്രതിസന്ധികളില്‍ നിന്നാണല്ലോ വിപ്ലവം ജനിക്കുന്നത്,’ റാവു പറഞ്ഞു.
ബ്രഹ്മാവിനെ പോലെ താനും നിത്യമായിരിക്കുമെന്നും അവസാനിക്കില്ലെന്നുമൊക്കെയാണ് മോദിയുടെ വിചാരം. മോദി ഇന്ത്യയുടെ 15ാമത് പ്രധാനമന്ത്രി മാത്രമാണ്. അല്ലാതെ സ്ഥിരമായി ആരും അവിടെ പിടിച്ചിരുത്തിയിട്ടില്ല. ജനാധിപത്യ രാജ്യത്ത് ഒന്നും അങ്ങനെ സ്ഥിരമായി തുടരുകയുമില്ല. മാറ്റങ്ങള്‍ ഉണ്ടാകും, അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു,
ബി.ജെ.പി ഇനിയും 40 വര്‍ഷം ഇന്ത്യയില്‍ ഭരണത്തില്‍ തുടരുമെന്ന് അമിത് ഷാ യോഗത്തില്‍ പറഞ്ഞിരുന്നു.
Content highlight: BJP says it’s next aim is to conquer south India says reports, telangana first in list