ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പരാജയമെന്ന് ബി.ജെ.പി.
യാത്ര രാഷ്ട്രീയ പ്രേരിതമാണെന്നും, വിദ്വേഷവാദികള്‍ യാത്രയില്‍ പങ്കെടുത്തെന്നും
ബി.ജെ.പി ആരോപിച്ചു.
രാജ്യത്തെയും സമൂഹത്തെയും ഭിന്നിപ്പിച്ച പാര്‍ട്ടി ഇപ്പോള്‍ ഏകീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് സുധാന്‍ഷു ത്രിവേദി പറഞ്ഞു.
ബി.ജെ.പി നേതാക്കള്‍ ചെയ്ത ത്യാഗം കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് കാശ്മീരില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതെന്നും ത്രിവേദി പറഞ്ഞു. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി എല്ലാ സാമൂഹിക വിരുദ്ധരെയും ഒരുമിച്ച് കൊണ്ടുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഞ്ഞില്‍ കളിച്ച പ്രിയങ്കയും രാഹുലും കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ മോദിക്ക് നന്ദി പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.
അതിനിടയില്‍ യുവാക്കള്‍ക്കിടയിലിറങ്ങാന്‍ ബി.ജെ.പി മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കി. സമൂഹ മാധ്യമങ്ങള്‍ നന്നായി ഉപയോഗിക്കാനാണ് ഉപദേശം. രാഹുല്‍ ഗാന്ധി യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മോദിയുടെ നിര്‍ദേശം.
ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം തിങ്കളാഴ്ചയാണ് ശ്രീനഗറില്‍ നടന്നത്. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലാണ് രാഹുല്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന ഉറപ്പില്ലാതെയാണ് ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി താന്‍ ഇറങ്ങി പുറപ്പെട്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതികൂല കാലാവസ്ഥയടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നെങ്കിലും പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്നേഹവും പിന്തുണയുമാണ് ജോഡോ യാത്ര പൂര്‍ത്തീകരിക്കാന്‍ തുണയായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പദയാത്രയുടെ സമാപനം പ്രതിപക്ഷ നിരയിലെ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. കശ്മീരിലെ നേതാക്കളായ ഫാറൂഖ് അബ്ദള്ള, മെഹബൂബ മുഫ്തി തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയും സമാനപന സമ്മേളനത്തില്‍ സംസാരിച്ചു.
136 ദിവസം പിന്നിട്ട് 4,080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര പര്യവസാനത്തിലേക്കെത്തിയത്.
Content Highlight: BJP says Bharat Jodo Yatra led by Rahul Gandhi was a failure