| Saturday, 3rd October 2020, 12:50 pm

ഹാത്രാസിലെ പൊലീസ് അതിക്രമങ്ങള്‍ പുറത്തെത്തിച്ച ഇന്ത്യടുഡേ മാധ്യപ്രവര്‍ത്തകയെ വേട്ടയാടി ബി.ജെ.പി -സംഘപരിവാര്‍ ഗ്രൂപ്പുകളും മാധ്യമങ്ങളും; ഫോണ്‍ ചോര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തോട് യു.പി പൊലീസും സര്‍ക്കാറും കാട്ടുന്ന ക്രൂരത പുറത്തുകൊണ്ടുവരാന്‍ മുന്നില്‍നിന്ന ഇന്ത്യാടുഡേ മാധ്യമപ്രവര്‍ത്തക തനുശ്രീ പാണ്ഡയ്‌ക്കെതിരെ ബി.ജെ.പി-സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടേയും വ്യാജപ്രചരണം.

തനുശ്രീയുടെ ഫോണ്‍ നിയമവിരുദ്ധമായി ചോര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ഇവര്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളോട് യോഗി സര്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാന്‍ തനുശ്രീ ശ്രമിച്ചെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഹാത്രാസ് യുവതിയുടെ കുടുംബത്തിന് യോഗി സര്‍ക്കാരില്‍ നിന്നും ഭീഷണിയുണ്ടെന്ന് പറയിപ്പിക്കാന്‍ തനുശ്രീ പാണ്ഡ ശ്രമിച്ചെന്നാണ് ജനം ടിവി ഒരു തെളിവുകളുടേയും പിന്‍ബലവുമില്ലാതെ പ്രചരിപ്പിക്കുന്നത്.

പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ പൊലീസ് ബലമായി കൊണ്ടുപോയി സംസ്‌ക്കരിച്ച സംഭവം തല്‍സമയം സ്ഥലത്തെത്തി തനുശ്രീ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവ സ്ഥലത്തുണ്ടായ പൊലീസ് ഉദ്യോഗസ്ഥനോട് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരംകൊടുക്കാന്‍ ഉദ്യോഗസ്ഥന്‍ വിസമ്മതിക്കുന്ന ദൃശ്യങ്ങളും തനുശ്രീ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.

” തികച്ചും അവിശ്വസനീയമാണ് – എന്റെ തൊട്ടുപിന്നില്‍ ഹാത്രാസ് കേസിലെ ഇരയുടെ ശരീരം കത്തുകയാണ്. പൊലീസ് കുടുംബത്തെ വീടിനുള്ളില്‍ അടച്ച് ആരെയും അറിയിക്കാതെ മൃതദേഹം കത്തിക്കുകയാണ്. ഞങ്ങള്‍ പൊലീസിനെ ചോദ്യം ചെയ്തപ്പോള്‍, അവര്‍ ചെയ്തത് ഇതാണ്,” എന്നു പറഞ്ഞുകൊണ്ടാണ് സംഭവസ്ഥലത്തെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.

മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരേയും രാഷ്ട്രീയ നേതാക്കളെയും കടത്തിവിടാത്ത നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെയാണ് ഇന്ത്യാ ടുഡേയുടെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ നടക്കുന്നത്.

എന്നാല്‍ നിരവധി പേര്‍ തനുശ്രീക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. താങ്കളുടെ മാധ്യമപ്രവര്‍ത്തനും സത്യമുള്ളതാണ്, ധീരതയ്ക്ക് അഭിനന്ദനങ്ങള്‍, ഇത്തരം നെറികേടുകള്‍ ജനങ്ങളിലെത്തിക്കാന്‍ ആയിരം തനുശ്രീമാര്‍ വേണം തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

നേരത്തെ പൊലീസിന്റെ വിലക്കും അറസ്റ്റ് ഭീഷണിയും വകവെക്കാതെ ഹാത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ എ.ബി.പി മാധ്യമപ്രവര്‍ത്തകയായ പ്രതിമ മിശ്രയോടും വളരെ മോശമായാണ് പൊലീസ് പ്രതികരിച്ചത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളെക്കൊണ്ട് നിര്‍ബന്ധിച്ച് യോഗി സര്‍ക്കാരിനെതിരെ സംസാരിപ്പിക്കുന്നുവെന്നാണ് ബി.ജെ.പി അനുകൂല സംഘടനകളുടെ പ്രചരണം.

എന്നാല്‍ എന്തുകൊണ്ടാണ് ഹാത്രാസ് ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്ത തങ്ങളുടെ റിപ്പോര്‍ട്ടറുടെ ഫോണ്‍ ചോര്‍ത്തിയതെന്ന് വ്യക്തമാക്കണമെന്ന് ഇന്ത്യാ ടുഡേ പ്രതികരിച്ചു.

നിയമവിരുദ്ധമായി പരസ്യമാക്കിയ ടെലിഫോണ്‍ കോളില്‍, ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടര്‍ ഇരയുടെ സഹോദരനോട് പിതാവിന്റെ വീഡിയോ ഷൂട്ട് ചെയ്ത് അവര്‍ക്ക് അയയ്ക്കാന്‍ ആവശ്യപ്പെടുന്നു. സര്‍ക്കാറിന്റെ ഭീഷണികളും ഭയപ്പെടുത്തലുകളും തുറന്ന് സംസാരിക്കാന്‍ ഇരയുടെ കുടുംബത്തെ പ്രേരിപ്പിക്കുന്നത് ഒരു നല്ല മാധ്യമപ്രവര്‍ത്തക ചെയ്യേണ്ട കാര്യത്തിന്റെ ഒരു ഭാഗമാണ്, ഇന്ത്യാ ടുഡേ വ്യക്തമാക്കി.

മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതില്‍ നിന്നും മരിച്ച പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ പൊലീസ് വിലക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP-Sangha Parivar groups and media chase down IndiaToday journalist who exposed police atrocities in Hathras; The phone was leaked and circulated on social media

We use cookies to give you the best possible experience. Learn more