| Friday, 23rd June 2023, 1:40 pm

'മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തക സബ്രിന സിദ്ദിഖി പാക് അനുകൂലി, ടൂള്‍ കിറ്റിന്റെ ഭാഗം'; വിമര്‍ശനവുമായി ബി.ജെ.പി പ്രൊഫൈലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയുള്ള അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പിന്നില്‍ ബാഹ്യപ്രേരണയെന്ന് ബി.ജെ.പി. ചോദ്യത്തിന് പിന്നില്‍ ഒരു ടൂള്‍ കിറ്റ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബി.ജെ.പി ഐ.ടി. സെല്‍ വക്താവ് അമിത് മാളവ്യ ആരോപിച്ചു.

വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ടര്‍ സബ്രിന സിദ്ദിഖിയാണ് യു.എസിനെ പ്രതിനിധീകരിച്ച് മോദിയോട് ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നില്ലേയെന്നും അവരുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കും എന്നുമായിരുന്നു സബ്രിന സിദ്ദിഖിയുടെ ചോദ്യം.

മോദിക്കെതിരെയുള്ള സബ്രീന സിദ്ദിഖിയുടെ ഈ ചോദ്യം പാക് ശബ്ദമാണെന്നാണ്
ബി.ജെ.പി പ്രൊഫൈലുകള്‍ ട്വിറ്ററിലൂടെ ആരോപിക്കുന്നത്. സബ്രീന സിദ്ദിഖിയുടെ പിതാവ് ഇന്ത്യ- പാക് പൗരനാണെന്ന് എടുത്ത് പറഞ്ഞാണ് ഈ പ്രചരണങ്ങള്‍.
സബ്രീന സിദ്ദിഖി ഇടതുപക്ഷക്കാരിയും ഇസ്‌ലാമിസ്റ്റുമാണെന്നും ചില പ്രൊഫൈലുകള്‍ ആരോപിക്കുന്നു.

അതിനിടെ, സബ്രീന സിദ്ദിഖിയെ പിന്തുണച്ചും അഭിനന്ദിച്ചും ആളുകള്‍ രംഗത്തുവരുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി ഒട്ടും പ്രതീക്ഷിക്കാത്ത അദ്ദേഹത്തിന് സുഖകരമല്ലാത്ത ചോദ്യമാണ് സബ്രീന സിദ്ദിഖിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ആ ധൈര്യമാണ് ശരിയായ മാധ്യമപ്രവര്‍ത്തനമെന്നും ഇവര്‍ പറയുന്നു. ശക്തമായ ഈ ചോദ്യത്തിന് മോദി ദുര്‍ബലമായിട്ടാണ് മറുപടി പറഞ്ഞതെന്നും അഭിപ്രായമുണ്ട്.

നേരത്തെ തന്നെ തീരുമാനിച്ച പ്രകാരം യു.എസ് മാധ്യമപ്രവര്‍ത്തകയുടെ ഒരു ചോദ്യത്തിനും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്റെ മറ്റൊരു ചോദ്യത്തിനുമാണ് വാര്‍ത്താസമ്മേളനത്തില്‍ മോദി മറുപടി നല്‍കിയത്.

ചോദ്യം അത്ഭുതപ്പെടുത്തിയെന്നും ഇന്ത്യയില്‍ എല്ലാവരും ജനാധിപത്യം അനുഭവിക്കുന്നുണ്ടെന്നും ജാതി, മതം, ലിംഗഭേദം എന്നിവയുടെ പേരില്‍ യാതൊരു വിവേചനവും നിലനില്‍ക്കുന്നില്ലെന്നുമാണ് സബ്രീന സിദ്ദിഖിയുടെ ചോദ്യത്തിന്  നനരേന്ദ്ര മോദി മറുപടി പറഞ്ഞത്.

അതേസമയം, കാലാവസ്ഥാമാറ്റം നേരിടാന്‍ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചായിരുന്നു ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയുടെ മാധ്യമപ്രവര്‍ത്തകന്‍ മോദിയോട് ചോദിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ഒരേയൊരു ജി20 രാജ്യമാണ് ഇന്ത്യയെന്നായിരുന്നു ഈ ചോദ്യത്തോടുള്ള പ്രധാനമന്ത്രിയുടെ മറുപടി.

Content Highlight: BJP said that there was external motivation behind the American journalist’s question during the press conference

We use cookies to give you the best possible experience. Learn more