ചണ്ഡീഗഡ്: 2024ഓടെ രാജ്യം കോണ്‍ഗ്രസ് മുക്ത ഭാരതമാക്കുമെന്ന് പറഞ്ഞ ബി.ജെ.പി കോണ്‍ഗ്രസ് യുക്തമായെന്ന് ആം ആദ്മി പാര്‍ട്ടി. നാല് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എ.എ.പിയുടെ പരാമര്‍ശം.
ബിജെപി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും എ.എ.പി പഞ്ചാബ് യൂണിറ്റ് മുഖ്യ വക്താവ് മല്‍വിന്ദര്‍ സിംഗ് കാങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ബി.ജെ.പി സംസാരിക്കുന്നത് പ്രത്യയശാസ്ത്രത്തെക്കുറിച്ചാണ്. ഇത്രയും കാലം പഞ്ചാബില്‍ നിലയുറപ്പിക്കാന്‍ ബി.ജെ.പിക്ക് സാധിക്കാതിരുന്നതാണോ അതോ പോരാടാന്‍ പാകത്തിന് പാര്‍ട്ടിക്കുള്ളില്‍ ആളില്ലാത്തത് കൊണ്ടാണോ കോണ്‍ഗ്രസില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂടി ബി.ജെ.പി സ്വീകരിക്കുന്നത്,’ മല്‍വിന്ദര്‍ പറഞ്ഞു.
മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന ഗുര്‍പ്രീത് സിങ് കന്‍ഗാര്‍, ബൈനാല മുന്‍ എം.എല്‍.എ കേവല്‍ സിങ് ദില്ലോണ്‍, ബാല്‍ബിര്‍ സിങ് തുടങ്ങിയവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ കോണ്‍ഗ്രസ് മുക്തമാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് യുക്തമായാണ് ബി.ജെ.പി മാറുന്നതെന്നായിരുന്നു മല്‍വിന്ദറിന്റെ പരാമര്‍ശം. മിക്ക കോണ്‍ഗ്രസ് നേതാക്കളെയും വിലകൊടുത്ത് വാങ്ങിയ ബി.ജെ.പി നയത്തിനെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയടക്കം നാലു പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
നാല് പേരും തങ്ങളുടെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
ജനങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും, അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നായിരുന്നു വിലയിരുത്തല്‍.
കഴിഞ്ഞ മാസമാണ് മുന്‍ പി.സി.സി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്ക് നല്ലത് നേരുന്നുവെന്നും, യാത്ര പറയുകയാണെന്നുമായിരുന്നു ജാഖര്‍ പാര്‍ട്ടി വിടുമ്പോള്‍ പറഞ്ഞത്.
നാശത്തിലേക്കാണ് കോണ്‍ഗ്രസിന്റെ പോക്കെന്നും കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണെന്നും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടായേക്കുമെന്നുമായിരുന്നു അന്ന് അമരീന്ദര്‍ നടത്തിയ പ്രസ്താവന.