| Monday, 29th May 2023, 10:22 am

അടുത്ത തവണ ബി.ജെ.പിക്ക് 200 സീറ്റുകള്‍ നഷ്ടമാകും; എന്നാല്‍ ജനങ്ങളുടെ മനസില്‍ അവര്‍ക്ക് വിദ്വേഷം നിറയ്ക്കാനായി: പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒരു പ്രത്യേക മതത്തെ പിന്തുണച്ചും വര്‍ഗീയത വളര്‍ത്തിയും ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അട്ടിമറിക്കുകയാണെന്ന് സുപ്രീം കോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ അട്ടിമറിക്കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച കോഴിക്കോട് എം.പി. വീരേന്ദ്ര കുമാര്‍ അനുസ്മരണ സമ്മേളനത്തില്‍, ഭൂരിപക്ഷവും മതേതര ഭരണകൂടവും: യോജിച്ച ആശയങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിങ്ങള്‍ക്ക് ജീവിക്കാനോ വോട്ട് ചെയ്യാനോ അവകാശമില്ലാത്ത ഹിന്ദു രാഷ്ട്രമാണിതെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

‘പള്ളികളും മസ്ജിദുകളും പതിവായി കത്തിക്കപ്പെടുന്നു. ലൗ ജിഹാദിലൂടെയും വ്യാജ ഏറ്റുമുട്ടലുകളിലൂടെയും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നു. പൗരത്വം നല്‍കുമ്പോഴും മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷവും പക്ഷപാതവും കേന്ദ്ര സര്‍ക്കാര്‍ തുറന്ന് കാട്ടുകയാണ്.

സമത്വം, സ്വാതന്ത്ര്യം, നീതി, സാഹോദര്യം എന്നിവയെല്ലാം അപകടത്തിലാണ്. ശാസ്ത്രീയ ബോധ്യവും സ്വതന്ത്ര ചിന്തയും അങ്ങനെ തന്നെയാണ്,’ പാഠ്യപദ്ധതി പരിഷ്‌കരണം ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കോടതികള്‍, മാധ്യമങ്ങള്‍, പൊലീസ്, അന്വേഷണ ഏജന്‍സികള്‍, സര്‍വകലാശാലകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയെ എല്ലാം വ്യത്യസ്ത രീതികളില്‍ ബി.ജെ.പി നിയന്ത്രിക്കുന്നു. സ്വതന്ത്രരായ ജഡ്ജിമാരെ നിയമിക്കാതിരിക്കാന്‍ അവര്‍ ജഡ്ജിമാരുടെ നിയമനത്തിലും ഇടപെടുകയാണ്.

സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കാതെയും, പണം നല്‍കി പ്രലോഭിപ്പിച്ചും, കീഴ്‌പ്പെടും വിധം ദ്രോഹിച്ചും അവര്‍ മാധ്യമങ്ങളെ നിയന്ത്രണത്തിലാക്കി. അങ്ങനെ നിരവധിപേരെ ഗോഡി മീഡിയക്കാരാക്കി’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ദാരിദ്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഉള്‍പ്പെടെ എല്ലാ വികസന സൂചികകളിലും ഇന്ത്യ പിന്നിലാണെന്നും ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പോലെ എല്ലാ അടിസ്ഥാന മൂല്യങ്ങളും അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തിന്റെ ഭാവി ജീവിതവും ഉപജീവനവും നിലനിര്‍ത്താന്‍ നമ്മള്‍ യുവാക്കളെ രംഗത്തിറക്കണം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 200 സീറ്റുകള്‍ നഷ്ടമായേക്കും. എന്നാല്‍, ഭൂരിപക്ഷം ജനങ്ങളുടേയും മനസില്‍ വിദ്വേഷം നിറയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്,’ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Content Highlights: BJP sabotaged founding principles of the nation: Prashant Bhushan

We use cookies to give you the best possible experience. Learn more