| Friday, 28th June 2024, 4:58 pm

വര്‍ഗീയതയ്ക്ക് ഇവിടെ ഒരു ആര്‍മിയായി ആര്‍.എസ്.എസുണ്ട്; സെക്യുലർ ആര്‍മിയായി കമ്യൂണിസം പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്തുസംഭവിക്കുമെന്ന് സമൂഹം ചിന്തിക്കണം: പരകാല പ്രഭാകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിലെ ബി.ജെ.പിയുടെ വിജയം സംസ്ഥാനത്തെ പൊതുസമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രജ്ഞനായ പരകാല പ്രഭാകര്‍. തൃശൂരിലെ ബി.ജെ.പിയുടെ വിജയം ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണെന്നും അത് ഗൗരവത്തോടെ എടുക്കേണ്ടതുണ്ടെന്നും അദ്ദഹം പറഞ്ഞു.

കേരളീയം വെബിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘യു.പിയിലും മറ്റിടങ്ങളിലും മോദി ഭരണത്തിന്റെ ദുരിതങ്ങള്‍ ജനങ്ങള്‍ നേരിട്ട് അനുഭവിച്ച് കഴിഞ്ഞതാണ്. എന്നാല്‍ കേരള സമൂഹത്തിന് ആ അനുഭവമില്ല. കേരളത്തില്‍ മതസാഹോദര്യത്തില്‍ വിശ്വസിക്കുന്ന ഓരോ പൗരനും ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മുന്നറിയിപ്പ് ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്,’ പരകാല പ്രഭാകര്‍ പറഞ്ഞു.

കേരളസമൂഹം അതിവേഗം വര്‍ഗീയവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്ടെന്ന് അധികാരം പിടിച്ചെടുക്കണമെന്ന് ആഗ്രഹിക്കാതെ ഒരു വൈറസിനെ പോലെ കേരളത്തില്‍ സംഘപരിവാര്‍ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ ബോധ്യമുള്ള വ്യക്തികളും ഗൗരവത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇവിടെ നിങ്ങളറിയാതെ ഒരു സമൂഹം വര്‍ഗീയവത്ക്കരിക്കപ്പെടുന്നുണ്ട്. അതിന് പിന്നില്‍ ഒരു അജണ്ടയുണ്ട്. അത് പതുക്കെ പതുക്കെ ഇവിടെ സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

1930കളിലാണ് കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തനം ആരംഭിച്ചത്. പെട്ടെന്നുള്ള ഫലം പ്രതീക്ഷിക്കാതെ ദീര്‍ഘകാലമായി നിശബ്ദമായി പണിയെടുക്കാനുള്ള മനുഷ്യരെ അവര്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവര്‍ക്ക് പെട്ടെന്ന് അധികാരം വേണമെന്ന ആഗ്രഹം ഒന്നുമില്ല. അതേസമയം അതിനെ പ്രതിരോധിക്കാനുള്ള മനുഷ്യ കൂട്ടായ്മ മറുവശത്ത് ഉണ്ടോ എന്ന് കേരളത്തിലെ പൊതുസമൂഹം അന്വേഷിക്കണം. മതസൗഹാര്‍ദ്ദത്തിന്റെ ദീര്‍ഘകാല ചരിത്രം കേരളത്തിന് ഉണ്ടെങ്കിലും ഒരു വൈറസിനെ പോലെ സംഘപരിവാര്‍ വളരാനും കേരളം വിഭജന രാഷ്ട്രീയത്തിന്റെ ഇരയായി മാറുകയും ചെയ്യാന്‍ അധികകാലം വേണ്ടി വരില്ല,’ പരകാല പ്രഭാകര്‍ പറഞ്ഞു.

ഒരു ആര്‍മിയെ പോലെ ആദ്യം അഞ്ച് പേര്‍ പിന്നെ പത്ത് പേര്‍ പിന്നെ ഇരുപത്, ഇരുപത്തഞ്ച് പേര്‍ എന്നിങ്ങനെ വര്‍ഗീയ അജണ്ടയുമായി കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തിക്കുകയാണ്. വര്‍ഗീയതയ്ക്ക് വേണ്ടി ഇങ്ങനെ ഒരു ആര്‍മി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഒരു സെക്കുലര്‍ ആര്‍മിയായി കമ്യൂണിസം പ്രവര്‍ത്തിക്കേണ്ടതില്ലേയെന്ന് കേരളത്തിലെ പൊതു സമൂഹം ചിന്തിക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം നിങ്ങളതിന് വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായി മാറിയപ്പോള്‍ വര്‍ഗീയ ശക്തികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും പരകാല പ്രഭാകര്‍ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് കേരളത്തിലെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ചെയ്താല്‍ തൃശൂരില്‍ സംഭവിച്ചത് മറ്റു സ്ഥലങ്ങളില്‍ സംഭവിക്കാതെ നോക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP’s victory in Thrissur is a warning for Kerala: Parakala Prabhakar

We use cookies to give you the best possible experience. Learn more