ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയെ നേരിടാന്‍ പുത്തന്‍ തന്ത്രങ്ങളൊരുക്കി ബി.ജെ.പി സഖ്യം. ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്‌നാ ദള്‍ ആണ് മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കി രാഷ്ട്രീയം നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നത്.
സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നതനായ നേതാവും എം.പിയുമായ അസം ഖാന്റെ മകന്‍ അബ്ദുള്ള അസമിനെതിരെയാണ് അപ്‌നാ ദള്‍ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കിയിരിക്കുന്നത്. പശ്ചിമ ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്നുള്ള ഹൈദര്‍ അലി ഖാനാണ് സുരാര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി സഖ്യത്തിനായി ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയോ ബി.ജെ.പി സഖ്യമോ വളരെ വിരളമായാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്.
എസ്.പിയുടെ യുവനേതാക്കളില്‍ പ്രധാനിയായ അബ്ദുള്ള അസമിനെതിരെ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി നേട്ടം കൊയ്യാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഏറെ രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുമാണ് ബി.ജെ.പിയുടെ മുസ്‌ലിം സ്ഥാനാര്‍ത്ഥിയെത്തുന്നത്. ഹൈദര്‍ അലിയുടെ മുത്തച്ഛന്‍ രാംപൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ച് തവണ എം.പിയായി മത്സരിച്ച് ജയിച്ചയാളാണ്.
ഹൈദറിന്റെ അച്ഛന്‍ നാല് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എയായ വ്യക്തിയാണ്. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരാറിന് തൊട്ടടുത്ത മണ്ഡലമായ രാംപൂരില്‍ നിന്നും കോണ്‍ഗ്രസിനായി ഇദ്ദേഹം മത്സരിക്കുന്നുമുണ്ട്.
നേരത്തെ കോണ്‍ഗ്രസ് സുരാര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ഹൈദറിനെയായിരുന്നു നിയോഗിച്ചിരുന്നത്. എന്നാല്‍ ഹൈദര്‍ അലി കൃത്യമായി യു ടേണ്‍ എടുക്കുകയും അപ്‌നാ ദള്ളിനൊപ്പം ചേര്‍ന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുകയുമായിരുന്നു.
2017ലെ തെരഞ്ഞെടുപ്പില്‍ അബ്ദുള്ള അസമായിരുന്നു സുരാറില്‍ നിന്നും ജയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുമ്പോള്‍ അസമിന് 25 വയസ് തികഞ്ഞിട്ടില്ലായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വിജയം റദ്ദാക്കുകയുമായിരുന്നു.
ഇത്തവണയും സുരാറില്‍ നിന്നും മത്സരിക്കാന്‍ എസ്.പി അസമിനെ തന്നെ നിയോഗിക്കുമെന്നാണ് കണക്കാക്കുന്നത്.
ജയിലില്‍ നിന്നും ജാമ്യത്തിലെത്തിയാണ് അബ്ദുള്ള അസം യു.പിയില്‍ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. 2020 മുതല്‍ വ്യത്യസ്ത കേസുകളിലായി അസം ജയിലിലായിരുന്നു.
അതേസമയം സമാജ്‌വാദി പാര്‍ട്ടിയുടെ കുത്തക മണ്ഡലമായി കര്‍ഹാലില്‍ നിന്നും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.
സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കര്‍ഹാല്‍.
സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് മറ്റു മണ്ഡലങ്ങളില്‍ ആവശ്യമായ പ്രചരണവും ക്യാമ്പെയ്നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്.
അഖിലേഷ് യാദവിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടിയുടെ അനിഷേധ്യനായ നേതാവുമായ മുലായം സിംഗ് യാദവ് അഞ്ച് തവണ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമായ മെയിന്‍പുരിയിലെ അഞ്ച് നിയമസഭാ മണ്ഡലത്തില്‍ ഒന്നാണ് കര്‍ഹാല്‍.
1993 മുതല്‍ സമാജ്‌വാദി പാര്‍ട്ടിയെ, 2002ല്‍ ഒരിക്കല്‍ മാത്രമാണ് കര്‍ഹാല്‍ കൈവിട്ടത്. എന്നാല്‍ 2002ല്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചു കയറിയ എം.എല്‍.എ പിന്നീട് എസ്.പിയില്‍ ചേരുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: BJP’s UP Ally Gives 1st Ticket To Muslim Candidate In Rare Alliance Move