വ്യാജ വാർത്ത പ്രചരിപ്പിച്ചു; ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്
national news
വ്യാജ വാർത്ത പ്രചരിപ്പിച്ചു; ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th November 2024, 1:17 pm

ബെംഗളൂരു: കർഷക ആത്മഹത്യയെ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്. തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.

തൻ്റെ ഭൂമി വഖഫ് ബോർഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് ബെംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോർട്ടലുകൾ ഉദ്ധരിച്ച് പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസ് എടുക്കുകയായിരുന്നു.

കാർഷികനഷ്ടവും കടബാധ്യതയും മൂലമായിരുന്നു കർഷകൻ ആത്മഹത്യ ചെയ്തത്. ഇത് വഖഫ് സ്വത്തുക്കളിൽ കർഷകർക്ക് നോട്ടീസ് നൽകിയതിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

വഖഫ് ഭേദഗതി ബിൽ 2024ൻ്റെ 31 അംഗ ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിയുടെ (ജെ.പി.സി) ഭാഗമായ ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയെ കൂടാതെ, ഹവേരി സി.ഇ.എൻ ന്യൂസ് പോർട്ടലുകളായ കന്നഡ ദുനിയ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നിവയുടെ എഡിറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2) പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഹാവേരി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് യൂണിറ്റിൻ്റെ ഭാഗമായ പൊലീസ് കോൺസ്റ്റബിൾ സുനിൽ ഹുചനവറിൻ്റെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്.

 ‘ഹവേരിയിൽ ഒരു കർഷകൻ തൻ്റെ ഭൂമി വഖഫ് കൈയേറിയതറിഞ്ഞ് ആത്മഹത്യ ചെയ്തു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള അവരുടെ തിടുക്കത്തിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിയും കർണാടകയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ അഴിച്ചുവിടുകയാണ്’, നവംബർ 7ന് ബി.ജെ.പി എം.പി സോഷ്യൽ മീഡിയയിൽ കുറിച്ചു.

കന്നഡ ദുനിയ ഇ-പേപ്പർ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നീ ന്യൂസ് പോർട്ടലിലെ വ്യാജ റിപ്പോർട്ടുകൾ പരാമർശിച്ചാണ് എം.പിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

 

Content Highlight: BJP’s Tejasvi Surya, editors of Kannada news portals booked over ‘fake news’ on farmer’s death over Waqf notice