ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുകയും അരവിന്ദ് കെജ്‌രിവാളിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത ബി.ജെ.പി വക്താവ് തേജീന്ദര്‍ സിംഗ് ബഗ്ഗയെ പഞ്ചാബ് പൊലീസ് ദല്‍ഹിയിലെത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ നാടകീയ രംഗങ്ങള്‍.
ബഗ്ഗയുമായി തിരിച്ചുപോവുമ്പോള്‍ ഹരിയാന പൊലീസിലെ കമാന്‍ഡോ സംഘം പഞ്ചാബ് പൊലീസിനെ വളഞ്ഞു. ബഗ്ഗയെ പഞ്ചാബ് പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കി ഹരിയാന പൊലീസ് കമാന്‍ഡോ സംഘം ദല്‍ഹി പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു. കേസില്‍ വാദം കേള്‍ക്കുന്നത് കോടതി നാളത്തേക്ക് മാറ്റി.
ബഗ്ഗയെ അറസ്റ്റ് ചെയ്ത പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് സണ്ണി സിംഗിന്റെ പരാതിയെത്തുടര്‍ന്ന് പഞ്ചാബ് ബി.ജെ.പി നേതാവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ദല്‍ഹിയിലെ വസതിയിലെത്തിയായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയെന്നും കിംവദന്തികള്‍ പ്രചരിപ്പിച്ചുവെന്നും മതപരവും സാമുദായികവുമായ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഭാരതീയ ജനതാ യുവമോര്‍ച്ച (ബി.ജെ.വൈ.എം) ദേശീയ സെക്രട്ടറി കൂടിയായ ബഗ്ഗക്കെതിരെ സണ്ണി സിംഗ് പഞ്ചാബ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.
മാര്‍ച്ച് 30ന് നടന്ന പ്രതിഷേധത്തിനിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ബഗ്ഗ ഭീഷണിപ്പെടുത്തിയിരുന്നു. ബഗ്ഗയുടെ മൊഴികളും വീഡിയോ ക്ലിപ്പുകളുമടങ്ങുന്ന രേഖകള്‍ സണ്ണി പഞ്ചാബ് പൊലീസിന് കൈമാറിയിരുന്നു.
CONTENT HIGHLIGHTS: BJP’s Tajinder Bagga arrested by Punjab Police over alleged threats to Delhi CM Arvind Kejriwal