അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത സഹായിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ വി.കെ ശശികല 2021 ഫെബ്രുവരിയോടെ ജയില്‍ മോചിതയാവും. അതായത് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ശശികല പുറത്തെത്തുക.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 (3) അനുസരിച്ച്, ജയില്‍ മോചിതനായതിനുശേഷവും ശശികലയ്ക്ക് ആറ് വര്‍ഷം കൂടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ടാവും. ഇതിനര്‍ത്ഥം അവര്‍ക്ക് പ്രചാരണം നടത്താനും തീരുമാനങ്ങളില്‍ സജീവമായി ഏര്‍പ്പെടാനും മാത്രമേ കഴിയൂ, തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആകാന്‍ പറ്റില്ല. എന്നാല്‍ എ.ഐ.എഡി.എം.കെ അധ്യക്ഷപദവിയിലേക്ക് എത്തുന്നതിന് ഇക്കാരണങ്ങളൊന്നും ഒരു തടസ്സുമായിരിക്കില്ല.
തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസാമിയും അനുയായികളും ശശികലയെ പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചെങ്കിലും ശശികലയ്ക്കെതിരെ നിലകൊള്ളുന്നത് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പളനി സ്വാമിക്ക് അത്ര എളുപ്പമായിരിക്കില്ല.
ശശികല ജയില്‍ ശിക്ഷ അനുഭവിച്ചുവെന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന് സഹതാപം ഉണ്ടാക്കുന്ന ഘടകമാണ്. ജയലളിതയുടെ മരണത്തിന് ശേഷം ശശികല ഈ പദവിയിലേക്ക് തെരഞ്ഞെടുത്ത ഇ. പളനിസാമി അവര്‍ക്കെതിരെ തിരിഞ്ഞുവെന്നതും സഹതാപം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ പളനി സ്വാമി ശശികലയുടെ കാല്‍ക്കല്‍ ആവര്‍ത്തിച്ച് വീഴുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
പാര്‍ട്ടിയുടെ മുതിര്‍ന്ന, മധ്യനിര നേതാക്കളുടെ പിന്തുണയും ശശികലയ്ക്കുണ്ട്. കൂടാതെ പാര്‍ട്ടിയുടെ മേല്‍ ശക്തമായ പിടിമുറുക്കുന്ന തേവര്‍ ജാതിയില്‍ പെട്ട ആളായതിനാല്‍ ആ സ്വധീനവും ഇവര്‍ക്കുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
എന്നാല്‍ പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എത്താനുള്ള ശശികലയുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകം ഇതൊന്നുമല്ല. ബി.ജെ.പി കാലകാലങ്ങളായി പയറ്റുന്ന ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തന്ത്രം തമിഴ്‌നാട്ടില്‍ പ്രയോഗിക്കാനുള്ള നീക്കമാണ്.
ജയിലില്‍ നിന്ന് നേരത്തേ മോചിതയാകുന്നതിന് പിന്നില്‍ കര്‍ണാടകയിലും കേന്ദ്രത്തിലും അധികാരത്തിലിരിക്കുന്ന ബി.ജെ.പിയുടെ ശക്തമായ പിന്തുണയുണ്ടെന്നാണ് വ്യപകമായ വിലയിരുത്തല്‍.
എ.ഐ.എ.ഡി.എം.കെയുടെ ചുക്കാന്‍ പിടിച്ച് ബി.ജെ.പിയ്ക്ക് തമിഴ്‌നാട്ടില്‍ ശക്തമായ നേതൃത്വം ഉണ്ടാക്കാന്‍ ശശികലയെ കൊണ്ട് സാധിക്കുമെന്ന് ബി.ജെ.പി കരുതുന്നു. അതുകൊണ്ടാണ് പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കാന്‍ ബി.ജെ.പി ശശികലയ്ക്ക് രഹസ്യപിന്തുണ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടാതെ, ബി.ജെ.പിക്ക് എ.ഐ.എ.ഡി.എം.കെയുമായി സഖ്യം ആവശ്യമാണ്. ശശികല പാര്‍ട്ടിയുടെ തലപ്പത്തെത്തിയാല്‍ തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാന്‍ എ.ഐ.എ.ഡി.എം വോട്ടുകള്‍ നേടാമെന്നും ബി.ജെ.പി കരുതുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ പരാജയപ്പെട്ടാലും പാര്‍ട്ടിയുടെ പിന്തുണ ബി.ജെ.പിക്ക് കിട്ടിയാല്‍ വേരോട്ടമില്ലാത്ത തമിഴ്‌നാട്ടില്‍ ബി.ജെ.പിക്ക് ഒരുമുതല്‍ക്കൂട്ടാകും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക