വാര്‍ത്താസമ്മേളനത്തില്‍ ബീഹാറിലെ ശിശുമരണത്തെക്കുറിച്ച് ചോദ്യമുയര്‍ത്തി; മാധ്യമപ്രവര്‍ത്തകരോട് 'പുറത്തുപോകൂ' എന്ന് സുശീല്‍ മോദി
India
വാര്‍ത്താസമ്മേളനത്തില്‍ ബീഹാറിലെ ശിശുമരണത്തെക്കുറിച്ച് ചോദ്യമുയര്‍ത്തി; മാധ്യമപ്രവര്‍ത്തകരോട് 'പുറത്തുപോകൂ' എന്ന് സുശീല്‍ മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2019, 11:17 am

 

പാട്‌ന: ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ചു കുട്ടികള്‍ മരണപ്പെട്ട സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദി. ബുധനാഴ്ച വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം.

ബീഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാഴ്ചയ്ക്കിടെ 113 കുട്ടികളാണ് മരണപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുയര്‍ത്തിയപ്പോഴാണ് സുശീല്‍ മോദി ഈ രീതിയില്‍ പ്രതികരിച്ചത്.

‘ കുട്ടികളെക്കുറിച്ച് റിപ്പോര്‍ട്ടര്‍മാര്‍ ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദയവായി പുറത്തുപോകണം (വാര്‍ത്താസമ്മേളനത്തില്‍ നിന്ന്). ബാങ്കിങ് കമ്മിറ്റിയെക്കുറിച്ചാണ് ഈ വാര്‍ത്താസമ്മേളനമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണല്ലോ’ എന്നാണ് സുശീല്‍ മോദി പറഞ്ഞത്.

ചൊവ്വാഴ്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം സുശീല്‍ മോദിയും മുസഫര്‍പൂരിലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. മുസഫര്‍പൂരില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അവസ്ഥ സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞത്. ഇതാണ് സുശീല്‍ മോദിയെ ചൊടിപ്പിച്ചത്.

‘ബാങ്കേഴ്‌സ് ഓര്‍ഗനൈസേഷന്റെ യോഗമാണിതെന്ന് ഞാന്‍ തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നല്ലോ. ബാങ്കിംങ് അല്ലാത്ത മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചുള്ള ചോദ്യമാണെങ്കില്‍ ഞാന്‍ മറ്റൊരു ഘട്ടത്തില്‍ മറുപടി പറയാം. ബാങ്കിങ്ങിനെക്കുറിച്ച് ചോദിക്കാനുണ്ടെങ്കില്‍ ചോദിക്കാം.’ എന്നും അദ്ദേഹം വിശദീകരിച്ചു.

നേരത്തെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും സമാനമായ ചോദ്യത്തോട് മുഖംതിരിച്ചിരുന്നു. അനുരാഗ് നാരായണ്‍ സിങ്ങിന്റെ ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയ്ക്കിടെയായിരുന്നു സംഭവം. നേരത്തെ മുസഫര്‍പൂര്‍ ആശുപത്രി സന്ദര്‍ശിച്ച സമയത്ത് ജനങ്ങളില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നിതീഷ് കുമാറിനു നേരിടേണ്ടിവന്നിരുന്നു.